കോഴിമുട്ടക്ക് പച്ചക്കുരു; പഠിക്കാൻ വിദഗ്ധസംഘം; മുട്ടകള്‍ കൊണ്ടുപോയി

കോഴിമുട്ടയ്‍ക്കകത്തെ കരു(ഉണ്ണി)വിന്റെ നിറംമാറ്റത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ വിദഗ്ധസംഘം ഒതുക്കുങ്ങലിലെത്തി. അമ്പലവൻ കുളപ്പുരയ്‍ക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികൾ മഞ്ഞയ്‍ക്കുപകരം കടുംപച്ച നിറമുള്ള കരുവോടുകൂടിയ മുട്ടകൾ ഒരു വർഷമായി ഇടുന്നതിനെക്കുറിച്ച് മനസ്സിലാക്കാനാണ് കേരള വെറ്ററിനറി സർവകലാശാല പൗൾട്രി വിഭാഗത്തിലെ ശാസ്‍ത്രജ്ഞരായ ഡോ.ശങ്കരൻ ലിംഗം,

ഡോ.ബിനോജ് ചാക്കോ, ഡോ. എസ്.ഹരികൃഷ്‍ണൻ, മൃഗസംരക്ഷണ വകുപ്പ് അസിസ്‍റ്റന്റ് പ്രോജക്ട് ഓഫിസർ ഡോ. ബി.സുരേഷ്, ഒതുക്കുങ്ങൽ മൃഗസംരക്ഷണ ഓഫിസർ ഡോ. മായതമ്പി എന്നിവരെത്തിയത്. ശിഹാബുദ്ദീന്റെ എട്ടു കോഴികളാണ് ഈവിധം നിറംമാറ്റമുള്ള മുട്ടകൾ ഇടുന്നത്. ഇവയിൽനിന്നു രണ്ടെണ്ണത്തിനെ പ്രത്യേകമായി താമസിപ്പിക്കാൻ സംഘം നിർദേശം നൽകി. കൂടുതൽ പരിശോധനയ്‍ക്കായി കോഴിമുട്ടകൾ സർവകലാശാലയിലേക്കു കൊണ്ടുപോയി. ഭക്ഷ്യസുരക്ഷാ വിഭാഗവും മുട്ടകൾ കൂടുതൽ പഠനത്തിനായി കൊണ്ടുപോയി.

പച്ച കരുക്കളുള്ള കോഴിമുട്ടകളാണ് മലപ്പുറം ഒതുക്കുങ്ങലിൽ ഇപ്പോൾ പ്രധാന ചർച്ചാവിഷയം. കുളപ്പുരയ്ക്കൽ ശിഹാബുദ്ദീൻ വളർത്തുന്ന കോഴികളാണ് പച്ച നിറമുള്ള കരുവുമായി മുട്ടകളിടുന്നത്. അപൂർവമുട്ടയ്ക്ക് ആവശ്യക്കാർ കൂടിയതോടെ ആയിരം രൂപാ നിരക്കിലാണ് ഓരോ മുട്ടയും വിൽക്കുന്നത്.

ഫാമിലുള്ള ഇരുപത് കോഴികളിൽ ഏഴ് എണ്ണത്തിന്റെ മുട്ടയുടെ കരുവും പച്ചനിറത്തിലുള്ളതാണ്. വലിപ്പവും സ്വാദുമെല്ലാം പക്ഷേ നാടൻ മുട്ടയ്ക്ക് സമാനവുമാണ്. ആദ്യം ഉപയോഗിക്കാൻ മടിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിലെ സ്ഥിതിയും സമാനമായതോടെ കഴിച്ചുതുടങ്ങി. മുട്ടയ്ക്കിപ്പോൾ വൻ ഡിമാൻഡാണ്.

വീട്ടിലെ കുട്ടികൾ ഊണ് കഴിക്കണമെങ്കിൽപോലും ഇപ്പോൾ പച്ചമുട്ട വേണം. പ്രത്യേക ഇനം കോഴികളെ മാത്രം കൂടുതൽ വിരിയിപ്പിച്ച് മുട്ട വിതരണത്തിന് തയാറെടുക്കുകയാണ് ശിഹാബുദ്ദീൻ. ഭക്ഷണത്തിന്റെ വ്യത്യാസവും ജനിതകമാറ്റവുമായിരിക്കാം ഈ അപൂർവതയ്ക്ക് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.