കാൻസർ രോഗിക്ക് മരുന്നെത്തിക്കാൻ 430 കി.മീ സ്കൂട്ടറിൽ; പൊലീസുകാരന് ആദരം

ലോക്ഡൗണിൽ ജനജീവിതം സുഗമമാക്കാൻ ഏറ്റവും അധികം കഷ്ടപ്പെടുന്ന ആളുകളാണ് പൊലീസുകാർ. കേരളത്തിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ പൊലീസുകാരും അതിനു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പുറത്തിറങ്ങുമ്പോൾ തടയുന്നതും ആളുകൾക്ക് ഭക്ഷണം നൽകുന്നതും ആവശ്യമുള്ള മരുന്നുകൾ എത്തിക്കുന്നതുമെല്ലാം പൊതുജനങ്ങളുടെ സുരക്ഷയെക്കരുതിയാണ്.

അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കാൻസർ രോഗിക്ക് മരുന്നു നൽക്കാൻ 430 കിലോമീറ്റർ സഞ്ചരിച്ച എസ്. കുമാരസ്വാമി എന്ന പൊലീസ് ഹെഡ്കോൺസ്റ്റബിള്‍. ബെംഗളൂരുവിൽനിന്ന് തന്റെ ആക്ടീവയിൽ മരുന്നുമായി പോയി അത് നൽകി തിരിച്ചെത്തിയപ്പോഴേക്കും ഓഡോമീറ്ററിൽ 860 കിലോമീറ്റർ കടന്നുപോയിരുന്നു. 

ഒരു സ്വകാര്യ ചാനലിൽ കാൻസർ രോഗിക്കുവേണ്ടിയുള്ള മരുന്നിനായുള്ള സഹായ അഭ്യർഥന കണ്ടാണ് കുമാരസ്വമി ഈ ഉദ്യമത്തിന് മുതിർന്നത്. ചാനലിൽ പ്രത്യക്ഷപ്പെട്ട ഉമേഷിനെ വിളിച്ച് കാര്യങ്ങൾ തിരക്കി ബെംഗളൂരു ഇന്ദിരാനഗറിലുള്ള ഡിഎസ് റിസേർച്ച് സെന്ററിൽ നിന്ന് മരുന്നുമായി ധാർവാഡ് എന്ന സ്ഥലത്തേക്കു പുറപ്പെടുകയായിരുന്നു.

മേലുദ്യോഗസ്ഥനായ എസിപി അജയ്കുമാർ സിങ്ങിൽ നിന്ന് അനുവാദം വാങ്ങിയാണ് യാത്ര തുടങ്ങിയത്. പുലർച്ചെ 4 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2.30യോടെ ഉമേഷിന്റെ വീട്ടിലെത്തിയെന്നും അവിടുന്ന് 4 മണിക്ക് തിരിച്ച് പിറ്റേ ദിവസം 10.30 അവസാനിച്ചുവെന്നുമാണ് കുമാരസ്വാമി പറയുന്നത്. രാത്രി വിശ്രമം ചിത്രദുർഗ്ഗയിലെ ഫയർസ്റ്റേഷനിലായിരുന്നു. അത്യാവശ്യ മരുന്നു വേണ്ട രോഗിക്ക് ഇത്രയും അധികം ദൂരം സ്കൂട്ടറിൽ സഞ്ചരിച്ച് മരുന്നു നൽകിയ പൊലീസ് ഉദ്യോഗസ്ഥന് അഭിനന്ദനവുമായി എത്തിയിരിക്കയാണ് സമൂഹമാധ്യമങ്ങൾ.