2000 പേരെ വിളിച്ച കല്ല്യാണം; പങ്കെടുത്തത് രണ്ടുപേര്‍; അത്യപൂർവം: മാതൃക

മഞ്ചേരി ∙ സൽ സബീലിന്റെയും ആമിന നഹലയുടെയും വിവാഹത്തിനു ക്ഷണിച്ചത് രണ്ടായിരം പേരെ. വിവാഹത്തിൽ പങ്കെടുത്തതാകട്ടെ 2 പേർ. വരനും വധുവും. തുറക്കൽ കാഞ്ഞിരാട്ടുകുന്നിൽ ആണു കോവിഡ് കാലത്ത് ഇങ്ങനെ ഒരു വിവാഹം. ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചാണ് വിവാഹം നടത്തിയതെന്ന് ബന്ധുക്കൾ അറിയിച്ചു. മോങ്ങം സ്വദേശി സൽസബീൽ സ്വന്തം കാർ ഓടിച്ചു തുറക്കൽ വീട്ടിലെത്തി. അപ്പോഴേക്കും ആമിന നഹ്‌ല മൊഞ്ചത്തി ആയിരുന്നു.

മണവാട്ടിയുടെ കരം പിടിച്ചു കാറിലേക്കു കയറ്റി. കൂട്ടിക്കൊണ്ടു പോകുന്ന ചടങ്ങു മാത്രമായിരുന്നു വിവാഹം. വധുവിന്റെ പിതാവ് കുന്നുമ്മൽ ശരീഫ് ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചിരുന്നു. എന്നാൽ കോവിഡ് ജാഗ്രത ഉള്ളതിനാൽ ചടങ്ങ് ലളിതമാക്കിയ വിവരം അവരെ  അറിയിച്ചു. അബുദാബിയിൽ ആണു സൽസബീലിനു ജോലി. നാട്ടിൽ വന്നിട്ടു 3 മാസം ആയി.

വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചാൽ തിരിച്ചു ജോലിക്കു പോകണം. അതിനാൽ വിവാഹം മാറ്റിവച്ചില്ല. കോളജിൽ ഒപ്പം പഠിച്ചവർ  ഒരേ തരം വസ്ത്രം ഒരുക്കി വിവാഹം ആഘോഷിക്കാൻ കാത്തിരിക്കുകായിരുന്നു. എല്ലാം കോവിഡ് ജാഗ്രതയിൽ മുങ്ങി. ആമിന നഹ്‌ല പറഞ്ഞു.