എല്ലുമുറിയെ പണിയെടുക്കുന്ന മനസ്സിനുമുന്നിൽ കോവിഡ് പത്തിമടക്കി; അടച്ചിട്ട ആശുപത്രി മുറിയിലെ ദിനങ്ങൾ

പറമ്പിൽ എല്ലുമുറിയെ പണിയെടുത്ത് നൂറുമേനി വിളയിക്കുന്നതായിരുന്നു കുഞ്ഞവറാച്ചന്റെ ശീലം.  പണികഴിഞ്ഞു വരുമ്പോൾ കയ്യിൽ കപ്പയോ കാച്ചിലോ ഒക്കെ കാണും. മറിയാമ്മേ, ഇതൊന്ന് പുഴുങ്ങെടീ... എന്നു പറയും. കപ്പപ്പുഴുക്കും കാച്ചിൽ വേവിച്ചതും ചക്കയുമൊക്കെയാണ് പഥ്യം. 

കോവിഡ് രോഗമുക്തരായി തിരികെയെത്തിയപ്പോൾ വയോധിക ദമ്പതികളായ ഐത്തല പട്ടയിൽ വീട്ടിൽ കുഞ്ഞവറാച്ചനെന്ന തോമസ് ഏബ്രഹാമും (93) ഭാര്യ മറിയാമ്മയും (88) അത്താഴമായി കഴിച്ചതും കഞ്ഞിയും കപ്പപ്പുഴുക്കുമായിരുന്നു. കോവിഡ് എന്ന മഹാമാരിയെ ചെറുത്തുതോൽപിക്കാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ മികച്ച ചികിത്സയ്ക്കൊപ്പം തോമസിന് ഊർജമായത് കരുത്തുള്ള  കർഷകമനസ്സാണ്. 

ചെറുപ്പം മുതൽ കൃഷിയാണ് ഇഷ്ടമേഖല. രണ്ടു മാസം മുമ്പുവരെ പറമ്പിൽ ചെറിയ ജോലികളൊക്കെ ചെയ്തിരുന്നു. വീട്ടിലെ ആവശ്യങ്ങൾക്ക് മുമ്പൊക്കെ തെങ്ങിൽ കയറി തേങ്ങയിടുമായിരുന്നു. ഇൗയിടെ വരെ തോട്ടിയിട്ട് തേങ്ങ അടർത്തി എടുക്കുമായിരുന്നു. പുരയിടത്തിലെ കൃഷികൾ സ്വന്തമായി ചെയ്യണമെന്ന നിർബന്ധക്കാരനായിരുന്നു. പശുവളർത്തലും കൃഷിയുമൊക്കെയായി ജീവിതം പച്ചപിടിപ്പിച്ചു.

സ്വന്തമായി ഉണ്ടായിരുന്ന 50 സെന്റ് സ്ഥലത്തിനു പുറമെ സമീപ സ്ഥലങ്ങൾ പാട്ടത്തിനെടുത്തും കൃഷി വിപുലമാക്കി. അസുഖത്തിന് ചികിത്സയ്ക്കായി ആശുപത്രികളിൽ അധികം പോകുന്ന രീതിയില്ലായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിലെ അടച്ചിട്ട മുറിയിൽ കഴിഞ്ഞപ്പോൾ വിഷമം തോന്നി. നല്ല സ്നേഹവും പരിചരണവും ആണ് ലഭിച്ചതെന്ന് അപ്പച്ചൻ ഇടയ്ക്ക് പറയുമായിരുന്നുവെന്ന് ചെറുമകൻ റിജോ മോൻസി ചൂണ്ടിക്കാട്ടി.