‘മുല്ലപ്പൂവ്’ വിൽപന പെരുകുന്നു; ഉറവിടം കണ്ടെത്താനാവാതെ എക്സൈസും പൊലീസും

കൊല്ലം, ആലപ്പുഴ ജില്ലാ അതിർത്തിയിൽ ‘മുല്ലപ്പൂവ്’ എന്ന വ്യാജമദ്യത്തിന്റെ വിൽപന പെരുകുന്നു. ഉറവിടം കണ്ടെത്താനാവാതെ എക്സൈസും പൊലീസും. സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകൾ വഴിയാണ് വ്യാജ മദ്യത്തിന്റെ വിതരണം. തീരദേശ മേഖലകളിൽ പ്രത്യേക രീതിയിൽ വാറ്റിയെടുക്കുന്ന വ്യാജ മദ്യമാണു ‘മുല്ലപ്പൂവ്’ എന്ന പേരിലറിയപ്പെടുന്നത്. ടി.എസ് കനാലിന്റെ വിവിധ ഭാഗങ്ങളായ ആലപ്പാട്,ആലുംപീടിക,പുതുപ്പള്ളി എന്നിവിടങ്ങളിലെ തീര ദേശങ്ങളിലെ ആൾത്താമസമില്ലാത്ത തുരുത്തുകളിലും കണ്ടൽക്കാടുകളിലുമാണു വ്യാജമദ്യം നിർമിക്കുന്നത്. 

വിദേശമദ്യ ഷോപ്പുകളും ബാറുകളും അടച്ചതോടെയാണു വ്യാജ മദ്യവിൽപന ആരംഭിച്ചത്. മദ്യം നിർമിക്കുന്നതിനുള്ള കോട തീരദേശത്തെ വെള്ളക്കെട്ടുകളിൽ സൂക്ഷിച്ചിട്ടുള്ളതായും സൂചനയുണ്ട്. പൊലീസും എക്സൈസും തീരദേശത്ത് പരിശോധന ശക്തമാക്കിയെങ്കിലും കായൽ മാർഗം വള്ളങ്ങളിൽ വ്യാജ മദ്യം ആധുനിക സംവിധാനങ്ങളോടെ നിർമിക്കുകയും കടത്തുകയും ചെയ്യുന്നുണ്ട്.