മക്കൾക്ക് കർമം ചെയ്യാൻ ചിതാഭസ്മം ലോക്കറിൽ; അവസാനമായി ഒരു നോക്കുകാണാനാകാതെ..

representative image

കൊച്ചി: മക്കൾ ഇരുവരും വിദേശത്ത്. ഇഹലോകത്തോട് വിടപറഞ്ഞ അച്ഛന് അന്ത്യകർമം ചെയ്യാൻ സഹോദരൻ അല്ലെങ്കിൽ സഹോദരപുത്രൻ. സംസ്കാരശേഷം ചിതാഭസ്മം സൂക്ഷിക്കുന്നത് ശ്മശാനത്തിലെ ലോക്കറിൽ. ഇനി കോവിഡ് 19 ഭീതി ഒഴിഞ്ഞ് വിമാനസർവീസുകൾ സാധാരണനിലയിലായശേഷം മക്കൾ നാട്ടിലെത്തിയിട്ടുവേണം ബാക്കി കർമങ്ങൾ ചെയ്യാൻ– കോവിഡ് ഭീതിയിൽ സംസ്കാരചടങ്ങുകളുടെ രീതികളും മാറുന്നു. വിദേശത്തുകഴിയുന്ന മക്കൾക്കായി ചിതാഭസ്മം ലോക്കറിൽ സൂക്ഷിക്കുന്നവരേറെ. സ്വന്തം മക്കൾക്ക് എത്താനാവാതെ സഹോദരരുടെ മക്കളാണ് പലയിടത്തും അന്ത്യകർമങ്ങൾ ചെയ്യുന്നത്.

ഡോ. എം. ലീലാവതിയുടെ സഹോദരൻ കഴിഞ്ഞയാഴ്ച ഹൈദരാബാദിൽ മരിച്ചപ്പോൾ മക്കൾ ഇരുവരും വിദേശത്തായിരുന്നു. ലീലാവതി ഉൾപ്പടെ അടുത്ത ബന്ധുക്കൾക്കാർക്കും ഹൈദരാബാദിലെത്തി മൃതദേഹം ഒരു നോക്കു കാണാനായില്ല. ഒടുവിൽ സഹോദരന്റെ മകനാണ് അന്ത്യകർമങ്ങൾ ചെയ്തത്. ഏകമകൻ സിംഗപ്പൂരിലായതിനാൽ കഴിഞ്ഞദിവസം കുഫോസ് വിസി എ. രാമചന്ദ്രന്റെ അന്ത്യകർമങ്ങൾ ചെയ്തത് അദ്ദേഹത്തിന്റെ സഹോദരനാണ്. മരണാനന്തരം നടത്തുന്ന പല ചടങ്ങുകളും മുടങ്ങിക്കഴിഞ്ഞു. ബലിതർപ്പണത്തിന് കർമികൾ എത്താത്തത്തിനെത്തുടർന്ന് അതുപോലും നടത്താനാവാത്തവരുമുണ്ട്