കൊറോണയാണ് പുറത്തിറങ്ങല്ലേ; ‘ഒന്നു പോടാപ്പാ’; 25 പേരെ വിളിച്ചപ്പോൾ ലഭിച്ചത്; വിഡിയോ

‘എടാ കൊറോണയാണ്, നീ പുറത്തെങ്ങും അനാവശ്യമായിട്ട് ഇറങ്ങി നടക്കല്ലേ.. എന്നെ പൊലീസ് പിടിച്ചെടാ.. 25 പേരേ ഫോണിൽ വിളിച്ച് ഉപദേശിച്ചാ വിടാന്ന് പറഞ്ഞു. അതുെകാണ്ട് വിളിക്കുവാ..പുറത്തിറങ്ങല്ലേടാ..’ ഇതൊരു ശിക്ഷയാണ്. കേരളം ആവർത്തിച്ച് കണ്ട് ചിരിക്കുകയാണ് ഇൗ വേറിട്ട ശിക്ഷാരീതി കണ്ട്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ ബേസിൽ ജോസ് എന്ന പൊലീസുകാരൻ ഫെയ‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോ മണിക്കൂറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനു പേരാണ്.

അനാവശ്യമായി പുറത്തിറങ്ങിയ യുവാവിനാണ് ഉപദേശ പണി കൊടുത്തത്. 25 പേരോട് ഫോണിൽ വിളിച്ച് കൊറോണയാണ് പുറത്തിറങ്ങരുത് എന്ന് ഉപദേശിക്കാനായിരുന്നു പൊലീസ് കൊടുത്ത പണി. ഇങ്ങനെ വിളിക്കുന്നതിന് ഇടയിൽ പലരും പൊട്ടിച്ചിരിക്കുന്നതും കേൾക്കാം. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്കാണ് കങ്ങരപ്പടി സ്വദേശിയായ യുവാവ് ബൈക്കുമെടുത്ത് കറങ്ങാനിറങ്ങിയത്. 

‘കൊച്ചു പയ്യൻ, തല്ലിയോടിച്ചാലൊന്നും ഈ പ്രായക്കാർ നന്നാവില്ലല്ലോ, കേസെടുത്താൽ അവന്റെ ജീവിതം ഒരു വഴിക്കാകും. പാസ്പോർട്ടെടുക്കാനും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാനും കുറച്ച് കഷ്ടപ്പെടും. അതുകൊണ്ടാണു കേസെടുക്കാതിരുന്നത്’ – എന്ന് വിഡിയോ പോസ്റ്റ് ചെയ്ത ബേസിൽ ജോസ് കുറിച്ചു.