ഇൗച്ച കോവിഡ് പരത്തും; വീണ്ടും അബദ്ധ വിഡിയോയുമായി ബച്ചൻ; വിമർശനം

കോറോണ ബോധവൽക്കരണത്തിനായി എടുത്ത വിഡിയോയിൽ അമിതാഭ് ബച്ചന് വീണ്ടും അബദ്ധം പിണഞ്ഞു. കൊറോണ വൈറസ് ഈച്ചകളിലൂടെ പടരും എന്ന് അമിതാഭ് ബച്ചന് പറയുന്നു‍. ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ചാണ് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ വിഡിയോ പങ്കുവെച്ചത്. എന്നാല്‍ ഈച്ചകളിലൂടെ വൈറസ് പകരില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇത് രണ്ടാമത്തെ തവണയാണ് കൊറോണ വിഷയത്തിൽ ബച്ചന് അബദ്ധം സംഭവിക്കുന്നത്.

‘ദ് ലാൻസെറ്റ് നടത്തിയ പഠനത്തിൽ കൊറോണ വൈറസ് മനുഷ്യ വിസർജ്യത്തിൽ കൂടതൽ കാലം ജീവിക്കുമെന്നാണ് പറയുന്നത്. റെസ്പിറേറ്ററി സാംപിളുകളിൽ ജീവിക്കുന്നതിൽ കൂടുതൽ കാലയളവിൽ അവ മനുഷ്യ വിസർജ്യത്തിൽ ഉണ്ടാവും. ശൗചാലയങ്ങൾ ശീലമാക്കൂ. ഇന്ത്യ നമുക്ക് ഒരുമിച്ച് കൊറോണയെ തോൽപിക്കാം.’–ബച്ചൻ വിഡിയോയിൽ അടിക്കുറിപ്പായി എഴുതി. 

‘ഇന്ന് നിങ്ങളുമായി വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യം കൊറോണ വൈറസുമായി പോരാടുകയാണ്, ഈ പോരാട്ടത്തില്‍ നിങ്ങളും ഒരു പ്രധാന പങ്കുവഹിക്കണം. കൊറോണ വൈറസ് മനുഷ്യ വിസര്‍ജ്ജനത്തില്‍ ആഴ്ചകളോളം നിലനില്‍ക്കുമെന്ന് ചൈനയിലെ വിദഗ്ധര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. ആരെങ്കിലും കൊറോണ വൈറസിൽ നിന്നും രക്ഷനേടി വരുകയാണെങ്കിലും,കൊറോണ വൈറസിന് മനുഷ്യ വിസർജ്യത്തിൽ ജീവിക്കാൻ കഴിയും.ഒരു ഈച്ച ഈ വിസർജ്യത്തിൽ ഇരുന്നതിനു ശേഷം മനുഷ്യരുടെ ഭക്ഷണത്തിൽ ഇരുന്നാൽ അതിലൂടെ കൊറോണ പടരാൻ സാധ്യതയുണ്ട്. ’ബച്ചന്‍ വിഡിയോയില്‍ പറഞ്ഞു.