ഒന്നരപതിറ്റാണ്ട് വീട്ടിൽ; നിങ്ങളോട് 21 ദിവസം അല്ലേ പറഞ്ഞുള്ളൂ; പാത്തു പറയുന്നു

‘ഇതുവരെയുള്ള ജീവിതത്തിൽ ബഹുഭൂരിഭാഗവും വീട്ടിലും കട്ടിലിലും വീൽച്ചെയറിലും കഴിഞ്ഞ ഒരു 23 വയസുകാരി തൊഴുകയ്യോടെ പറയുകയാണ്. വെറും 21 ദിവസം നിങ്ങൾക്കൊന്ന് വീട്ടിലിരുന്നൂടെ... ഒരുപാട് കാര്യങ്ങൾ ചെയ്യാല്ലോ.. പുറത്തിറങ്ങാതെ ഇരിക്കണം ചേട്ടൻമാരെ..’ അതിജീവനത്തിന്റെ കാലത്ത് പോരാട്ടം മാത്രം കൈമുതലായ ഫാത്തിമ അസ്​ല അഭ്യർഥിക്കുകയാണ്. എല്ലാ നിയന്ത്രണങ്ങളും അഭ്യർഥനകളും തള്ളി നിരത്തിലിറങ്ങുന്നവരോട് പാത്തു പറയുന്നു.

‘എനിക്ക് പേടിയുണ്ട്. വെറും 21 ദിവസം മാത്രം വീട്ടിലിരിക്കൂ എന്നാണ് പറയുന്നത്. പക്ഷേ അത് കേൾക്കാതെ പലരും നിരത്തിലിറങ്ങുന്നു. പൊലീസ് കഴിവതും കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും വാർത്തകൾ വരുന്നു. ഇതുവരെയുള്ള എന്റെ ജീവിതത്തിൽ ഒരുപാട് നാൾ എന്റെ വീടും മുറിയും കട്ടിലുമായിരുന്നു എന്റെ ലോകം. എന്നെ ഒന്നോർത്ത് നോക്കൂ. അത്രകാലം ഒന്നു പറയുന്നില്ലല്ലോ വെറും ദിവസങ്ങളല്ലേ..

അൻപത് തവണ എല്ലുകൾ നുറുങ്ങിപോയ ഒരാളാണ് ‍ഞാൻ. ആ അവസ്ഥയിലും എനിക്ക് വീട്ടിനുള്ളിൽ ചെയ്യാൻ ഒരുപാടുണ്ടായിരുന്നു. വായിക്കണം, എഴുതണം, വീട്ടുള്ളവരുടെ മുഖത്ത് നോക്കണം, വീട്ടിന് പുറത്തുള്ള കാഴ്ചകൾ നോക്കണം. നല്ല ഭക്ഷണം വീട്ടിൽ ഉണ്ടാക്കണം. അത് എല്ലാവരോടും ഒരുമിച്ചിരുന്ന് കഴിക്കണം. അങ്ങനെയുണ്ടാക്കുന്ന ഭക്ഷണം തൊട്ടടുത്ത് പട്ടിണിയായി പോയ ഒരാളുണ്ടാകും അയാൾക്ക് കൊടുക്കണം. അങ്ങനെ എണ്ണിയാൽ തീരാത്ത എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.

ഞാനും െതാഴുത് പറയാം. ദയവായി വീട്ടിലിരിക്ക് ചേട്ടൻമാരെ...’ കോഴിക്കോട്ടുള്ള വീട്ടിലിരുന്ന് പാത്തു മനോരമ ന്യൂസ് ഡോട്ട്കോമിലൂടെ മലയാളിയോട് അഭ്യർഥിക്കുന്നു. അവസാനം ഒന്നുകൂടി പറഞ്ഞു അവൾ. ‘എല്ലാവർക്കും ഭക്ഷണം കിട്ടുന്നുണ്ടോ? ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടാകുമോ?’ മനസിന്റെ കരുത്തിൽ ഉറച്ച് നിന്ന് ജീവിതത്തെ നോക്കി ചിരിച്ച് മാത്രം ശീലിച്ച പാത്തുവിന്റെ വാക്കുകൾ അപ്പോൾ ഇടറുന്നുണ്ടായിരുന്നു.

പാത്തുവിന്റെ ജീവിതകഥ

നിവർന്നു നിൽക്കാൻ കഴിയുമായിരുന്നില്ല, നടക്കാൻ കഴിയില്ല.. കാരണം അപ്പോഴേക്കും എല്ലുകൾ െപാടിയും. തീരാവേദന തിന്നിട്ടും അവൾ ഒന്നുമാത്രം മറന്നില്ല. ചിരിക്കാനും സ്വപ്നം കാണാനും. നാലുചുമരുകൾക്കപ്പുറമുള്ള ലോകത്തെ അവൾ കട്ടിലിൽ കിടന്ന് കണ്ടു. ഇന്ന് കോട്ടയത്ത് ഡോക്ടറാകാൻ പഠിക്കുകയാണ് പ്രിയപ്പെട്ടവർ പാത്തു എന്ന് വിളിക്കുന്ന ഫാത്തിമ.

ശരീരഭാരം താങ്ങാനാകാതെ തുടയെല്ല് പൊട്ടി കട്ടിലിൽ ഒരേ കിടപ്പായിരുന്നു ഒരുപാട് നാൾ. പ്രാഥമികാവശ്യങ്ങൾക്കു പോലും മറ്റുള്ളവരുടെ സഹായം തേടണം. പിന്നീട് പല സർജറികൾ കഴിഞ്ഞു. അതോടെ വോക്കറിന്റെ സഹായത്തോടെ നടന്നു തുടങ്ങി. പരാധീനതകൾക്കിടയിൽ ഡോക്ടറാകാൻ കൊതിച്ചപ്പോഴും പ്രിയപ്പെട്ടവർ അവൾക്ക് കൂട്ടായി നിന്നു. അവളുടെ ആ വാശിക്ക് മുന്നിൽ പ്രതിസന്ധികൾ മാറിനിന്നു. ഇന്ന് കോട്ടയം ഹോമിയോ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിയാണ് പാത്തു. പിജിയും കഴിഞ്ഞ് മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു വാക്ക് കൊണ്ട് കൈപിടിച്ച് നടത്താൻ പ്രേരിപ്പിക്കുന്ന  മോട്ടിവേഷണൽ സ്പീക്കറാകണമെന്ന മോഹമാണ് പാത്തുവിന്റെ മുന്നിൽ. സമൂഹമാധ്യമങ്ങളിൽ കവിതകളായും കഥകളായും ആ അനുഭവങ്ങൾ ഫാത്തിമ പങ്കുവയ്ക്കുന്നുണ്ട്.