കോവിഡ് കാലത്തെ വലിയ നന്മ; ഹമീദിന്റെ വീട് ഐസൊലേഷൻ വാർഡായി

ഹമീദ് കാസർകോട്ടെ വീടൊഴി‍ഞ്ഞുകൊടുത്തു. കോവിഡ് രോഗ സംശയമുള്ള 5 പേരെ ആരോഗ്യവകുപ്പ് ആ വീട്ടിലേക്കു മാറ്റി. കർഷകനും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനുമായ ഹമീദ് ബള്ളൂരാണ് സ്വന്തം വീട് ഐസലേഷൻ വാർഡാക്കാൻ വിട്ടുകൊടുത്തത്.  ഗൾഫിൽ നിന്നെത്തിയ 5 പേരാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ കഴിഞ്ഞ 4 ദിവസമായി നിരീക്ഷണത്തിലുള്ളത്. മൊഗ്രാൽ പുത്തൂർ സ്വദേശികളായ 5 പേരും ഒരുമിച്ചാണ് ഗൾഫിൽ നിന്ന് എത്തിയത്. രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിലും ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോൾ 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടു. 

ചെറിയ കുട്ടികളും പ്രായമായവരും ഉള്ളതിനാൽ അവരവരുടെ വീടുകളിൽ കഴിയാനുള്ള ബുദ്ധിമുട്ട് ഇവർ അറിയിച്ചു. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചതിനാൽ സർക്കാർ ആശുപത്രികളിൽ മതിയായ സൗകര്യവും ഇല്ല. എന്തു ചെയ്യുമെന്നറിയാതെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വിഷമിച്ചു നിൽക്കുന്ന സമയത്താണ് ഹമീദ് സ്വന്തം വീട് നൽകാൻ തയാറായത്. നേരത്തെ ഇവിടെ താമസിച്ചിരുന്ന ഇദ്ദേഹം കുടുംബസമേതമായി ബന്തടുക്ക മാണിമൂലയിലാണ് ഇപ്പോൾ താമസം. പകൽ സമയത്ത് പഞ്ചായത്തിൽ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ വീട് ഉപയോഗിക്കുന്നത്. 

വൈദ്യുതി, കിടക്ക ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ ബി.അഷ്റഫിന്റെ നേതൃത്വത്തിൽ ഇവർക്കു വേണ്ട മറ്റു സജ്ജീകരണങ്ങൾ ഏർപ്പെടുത്തി. പലരും രോഗത്തെ പേടിച്ച് നിൽക്കുമ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ചോദിക്കുമ്പോൾ ഹമീദിന്റെ മറുപടി ഇങ്ങനെയാണ്‘ നമ്മൾ കുറച്ചു പ്രയാസപ്പെട്ടാലും കുഴപ്പമില്ല, ഈ മഹാമാരി നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും ഒഴിവായാൽ മതി’. ചെങ്കള പഞ്ചായത്തിലും 2 കുടുംബങ്ങൾ ഇങ്ങനെ വീട് വിട്ടുകൊടുത്തിട്ടുണ്ട്. ഗൾഫിൽ നിന്നെത്തിയവരാണ് ഇവിടെയും നിരീക്ഷണത്തിൽ കഴിയുന്നത്. കൂടുതൽ പേർ ഇത്തരത്തിൽ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.