കോവിഡിനെ എതിരിടാന്‍ നഞ്ചമ്മയുടെ പാട്ടിനൊപ്പം ചുവടുവച്ച് പൊലീസ്: വിഡിയോ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നൃത്തച്ചുവടുമായി കേരള പൊലീസ്. വൈറസ് ബാധയെ തടയാൻ കൈകൾ എങ്ങനെ സുരക്ഷിതമാക്കാം എന്ന വിഷയം പശ്ചാത്തലമാക്കിയാണ് അവതരണം. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ‘കലക്കാത്ത’ എന്ന ഹിറ്റ് ഗാനത്തിനു ചുവടുവച്ചാണ് പൊലീസിന്റെ ബോധവത്കരണം.

ഉള്ളം കൈ രണ്ടും സോപ്പുപയോഗിച്ചു നന്നായി പതപ്പിച്ച് തേയ്ക്കുക, പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക, കൈ വിരലുകൾക്കിടയിൽ തേയ്ക്കുക, വിരലുകളുടെ പുറക് വശം തേയ്ക്കുക, തള്ളവിരലുകൾ തേയ്ക്കുക, നഖങ്ങൾ ഉരയ്ക്കുക, കൈക്കുഴ ഉരയ്ക്കുക എന്നീ കാര്യങ്ങളെല്ലാം നൃത്തച്ചുവടുകളുമായി പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ കേരള എന്ന എഫ്ബി പേജിൽ നൽകിയ  വി‍ഡിയോയിൽ അവതരിപ്പിക്കുന്നു.

കേരള സർക്കാരിന്റെ ‘ബ്രേക് ദ് ചെയിൻ’ ക്യാംപെയ്നിന്റെ ഭാഗമായാണ് പൊലീസിന്റെ വേറിട്ട രീതിയിലുള്ള ബോധവത്കരണം. സമൂഹമാധ്യമത്തിൽ വിഡിയോ എത്തി നിമിഷങ്ങൾക്കകം വിഡിയോ തരംഗമായി.