പേരു പറഞ്ഞപ്പോൾ നാക്കുളുക്കി; ഫ്രഞ്ച് കുഞ്ഞിന് പൊലീസ് പേരിട്ടു: ബാബു: കരുതല്‍

കോവിഡ് 19 പരിശോധനയിൽ രോഗമില്ലെന്നു കണ്ടെത്തിയ ഫ്രഞ്ച് സ്വദേശി ഡീസ്മസ്യൂർ ഫ്ലോയെയും മകനെയും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത് കളമശ്ശേരി പൊലീസ്. പൊലീസുകാരുമായി അടുപ്പത്തിലായ കുട്ടി സ്റ്റേഷനിലെത്തിയത് അവരിലൊരാളിന്റെ ഒക്കത്തിരുന്നാണ്.

കുട്ടിയുടെ യഥാർഥ പേര് ഉച്ചരിക്കാൻ വിഷമമായതിനാൽ ബാബുവെന്നു കുട്ടിക്കു പൊലീസുകാർ പേരുമിട്ടു. കഴിഞ്ഞ 6 മാസമായി കേരളത്തിലുള്ള യുവതി മെഡിക്കൽ കോളജിൽ പരിശോധനയ്ക്കെത്തിയിരുന്നു. യുവതിക്കു കോവിഡ് ലക്ഷണങ്ങളില്ലെന്നു കണ്ടെത്തി. യാത്രയ്ക്കിടയിൽ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട യുവതി അതിന്റെ വിഷമത്തിലിരിക്കുമ്പോഴാണു പൊലീസ് എത്തുന്നത്.

നിരീക്ഷണത്തിൽ കഴിയുന്ന വിദേശ യുവതി ഇറങ്ങി നടക്കുന്നുവെന്ന സന്ദേശത്തെ തുടർന്നുള്ള അന്വേഷണത്തിലാണു മെഡിക്കൽ കോളജിനു സമീപത്തു വച്ചു ഫ്രഞ്ചുകാരിയെയും മകനെയും പൊലീസ് കണ്ടെത്തിയത്. 

യുവതിക്ക് ആവശ്യമായ പണം ഫ്രഞ്ച് കോൺസുലേറ്റിൽനിന്ന് പൊലീസ് ഇടപെട്ട് മണി ട്രാൻസ്ഫർ വഴി ലഭ്യമാക്കി. പിന്നീട് ഇരുവരെയും ഡൽഹിക്കുളള ട്രെയിനിൽ കയറ്റിവിട്ട ശേഷമാണു പൊലീസ് മടങ്ങിയത്.