പോറലേയുള്ളെന്നു കരുതി;കലേഷിന്റെ മരണം വിശ്വസിക്കാനാകാതെ രതീഷ്

ഹരിപ്പാട് വിരണ്ട ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാൻ തിരുവനന്തപുരം വർക്കല ഹരിഹരപുരം ആലുവിള വീട്ടിൽ കലേഷ് (40) മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അമിത ശബ്ദത്തിലെത്തിയ ബൈക്ക് ഉച്ചത്തിൽ ഹോൺ മുഴക്കിയതാണ് ആന വിരളാൻ കാരണം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു സംഭവം. ഹരിപ്പാട് സ്വദേശി പാട്ടത്തിനെടുത്ത അപ്പു എന്ന ആനയാണ് ഇടഞ്ഞത്. പള്ളിപ്പാട്ടെ ക്ഷേത്രത്തിൽ എഴുന്നള്ളത്തിനു ശേഷം മടങ്ങുമ്പോൾ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുന്നിൽ എത്തിയപ്പോഴാണ് ആന വിരണ്ടത്.

ബൈക്കിന്റെ ശബ്ദം കേട്ടു വിരണ്ടു തിരിഞ്ഞ ആനയുടെ തുമ്പിക്കൈ തട്ടി വീണ കലേഷിന്റെ ദേഹത്ത് ആന തല കൊണ്ട് അമർത്തി. ആനയെ പിന്തിരിപ്പിച്ച ശേഷം കലേഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. അവ‍ിവാഹിതനാണ്. ആനയെ ഇന്നലെ പുലർച്ചെ രണ്ടരയോടെ മയക്കുവെടി വച്ചാണ് തളച്ചത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാൻ കരുനാഗപ്പള്ളി നഗരിവടക്കതിൽ സഞ്ജുവിന് (23) അതിനു ശേഷമാണ് ഇറങ്ങാനായത്.   

‘എനിക്കൊന്നുമില്ല, അണ്ണൻ ആശുപത്രിയിലേക്കു വരണ്ട, ഇവിടെ ആനയെ നോക്കാൻ നിന്നാൽ മതി’– എന്നു രതീഷിനോടു പറഞ്ഞാണ് കലേഷ് ആശുപത്രിയിലേക്കു പോകാൻ വണ്ടിയിലേക്കു കയറിയത്.  കലേഷിനെ കൂടുതൽ ആക്രമിക്കുന്നതിനു മുൻപ് ആനയെ പിന്തിരിപ്പിച്ചതും കലേഷിനെ വലിച്ചെടുത്തതും ആനയെ പാട്ടത്തിനെടുത്ത ഹരിപ്പാട് സ്വദേശി രതീഷ് ആണ്. പുറമേ  കലേഷിന് പരുക്കൊന്നും ഇല്ലായിരുന്നു. ‘വീണത‍ു കൊണ്ടുള്ള പോറലേയ‍ുള്ളൂ, ഞാൻ ആശുപത്രിയിൽ പോയിട്ടു പെട്ടെന്നു വരാം’ എന്നും കലേഷ് ഉറപ്പു പറഞ്ഞു. എന്നാൽ, ആന്തരികാവയവങ്ങൾക്കേറ്റ ക്ഷതം കലേഷിനെ മരണത്തിലേക്കു നയിച്ചു.