തൊഴില്‍രഹിതനായ ഡെന്റിസ്റ്റിന് ഈ നിബന്ധനകളോടെ പെണ്ണുവേണം: വൈറല്‍

ഇന്നത്തെ കാലത്ത് പത്രത്തിലെ വിവാഹപരസ്യത്തിൽ പോലും ക്രിയാത്മകത കൊണ്ടുവരാൻ ചിലരെങ്കിലും ശ്രമിക്കാറുണ്ട്. അത്തരം പരസ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധനേടി വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു വിവാഹപരസ്യത്തില്‍ വരൻ മുന്നോട്ടുവെച്ച നിബന്ധനകൾ മൂലം വൈറലായിരിക്കുകയാണ്. 

പരസ്യം ഇങ്ങനെ: ദന്തഡോക്ടറായ മുപ്പതുകാരൻ (ഇപ്പോൾ തൊഴിൽ രഹിതൻ) വധുവിനെ തേടുന്നു. ധനികയും സുന്ദരിയും വിശ്വസ്തയും ധൈര്യമുള്ളവളുമായ വധുവിനെയാണ് അന്വേഷിക്കുന്നത്. ഇതിനോടൊപ്പം രാജ്യസ്നേഹമുള്ളവളായിരിക്കണം. ഇന്ത്യയുടെ സൈനിക, കായിക മേഖലകളെ പരിപോഷിപ്പിക്കാൻ പ്രാപ്തിയുള്ളവളായിരിക്കണം. കുട്ടികളെ നന്നായി നോക്കി വളർത്തണം. നന്നായി പാചകം ചെയ്യണം. വധുവിന് ജോലി നിർബന്ധം. 

'വളരെ കുറച്ച് നിബന്ധനകൾ' മാത്രമുള്ള ഈ പരസ്യം ട്വിറ്ററിൽ വൈറലാണ്. സർവഗുണസമ്പന്നയായ വധുവിനെ വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് അതിനുള്ള യോഗ്യതയുണ്ടോയെന്നുള്ള കമന്റുകളും പരസ്യത്തിന് താഴെയുണ്ട്. ഫെയ്സ്ബുക്കും ട്വിറ്ററും ഉപയോഗിക്കാത്ത ഫെമിനിസ്റ്റ് അല്ലാത്ത വധുവിനെ വേണം എന്ന നിബന്ധനവെച്ച ഒരു പരസ്യം സമീപകാലത്ത് വൈറലായിരുന്നു.