മകൾ രാജേശ്വരിക്ക് താലിചാർത്തി വിഷ്ണു; മനംനിറഞ്ഞ് ഖദീജയും അബ്ദുള്ളയും; ഹൃദ്യം

മതസൗഹാർദ്ദത്തിന്റെ മറ്റൊരു കഥ കൂടി. കാഞ്ഞങ്ങാടാണ് ഭഗവതിയുടെ തിരുനടയിൽ വിഷ്ണുപ്രസാദ് എന്ന യുവാവ് മേൽപ്പറമ്പ് 'ഷമീംമൻസി'ലിലെ രാജേശ്വരിയുടെ കഴുത്തിൽ താലിചാർത്തിയത്. ഇതു കണ്ട് മനം നിറഞ്ഞ് രാജേശ്വരിയുടെ അച്ഛൻ അബ്ദുള്ളയും അമ്മ ഖദീജയും. 

അബ്ദുള്ള-ഖദീജ ദമ്പതിമാരുടെ വളർത്തുമകളാണ് തഞ്ചാവൂരുകാരിയായ രാജേശ്വരി. ചെറുപ്പത്തിലേ രാജേശ്വരിയുടെ അച്ഛനും അമ്മയും മരിച്ചു. അച്ഛൻ ശരവണൻ കാസർകോട്ടും മേൽപ്പറമ്പിലും കൂലിപ്പണിയെടുത്താണ് ജീവിച്ചത്. ഏറെക്കാലം അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും പണിയെടുത്തു. അങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടിലെത്തിയത്. ഇവരുടെ മക്കൾ ഷമീമിനും നജീബിനും ഷെറീഫിനുമൊപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളർന്നു.

വിവാഹാലോചനവന്നപ്പോൾ അബ്ദുള്ളയും വീട്ടുകാരും വിഷ്ണുവിന്റെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചു. പുതിയകോട്ടയിലെ ബാലചന്ദ്രൻ-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തിൽ വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു. മുസ്‌ലിം സമുദായക്കാർക്കുകൂടി കയറാവുന്ന കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തിൽ വച്ച് നടത്താൻ തീരുമാനിക്കുകയായിരുന്നു