കാരുണ്യയുടെ ഒരു കോടി ഭാഗ്യമടിച്ച പയ്യന്‍ ഇതാ; അതേ ജോലിക്ക് വീണ്ടും: അഭിമുഖം

കാരുണ്യയിലൂടെ ഇക്കുറി ഭാഗ്യവാനായത് 21–കാരനായ ഒരു ചെറുപ്പകാരനാണ്. കണ്ണൂർ ഇരിട്ടി സ്വദേശിയായ അമൽ വർഗീസിന് ഈ വാർത്ത ഇനിയും വിശ്വസിക്കാനായിട്ടില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപയ്ക്ക് വിജയി ആയ ആളെ പ്രഖ്യാപിച്ചത്. അമൽ വർഗീസ് തനിക്ക് ലഭിച്ച ഭാഗ്യത്തിന്റെ സന്തോഷം മനോരമ ന്യൂസ് ‍‍ഡോട് കോമിനോട് പങ്കുവയ്ക്കുകയാണ്.

കൊച്ചിയിലെ കാക്കനാടുള്ള കൈരളി ബേക്കറിയിലാണ് അമൽ ജോലി ചെയ്യുന്നത്. ഇരിട്ടിയിലെ പയ്യാവൂരുള്ള വർഗീസ് ലൈസ ദമ്പതികളുടെ മകനാണ് അമൽ. നാട്ടിലെ പ്ലസ്ടു പഠനത്തിന് ശേഷം ഐടിഐ കോഴ്സ് പൂര്‍ത്തിയാക്കിയാണ് അമൽ കൊച്ചിയിലേക്ക് വണ്ടി കയറിയത്. രണ്ട് സഹോദരിമാർ അടങ്ങുന്നതാണ് കുടുംബം. ഒരാളുടെ വിവാഹം കഴിഞ്ഞു. മറ്റൊരാൾ തലശ്ശേരി ബ്രണ്ണൻ കോളജ് ബിരുദ വിദ്യാർഥിനിയാണ്. 

അച്ഛൻ വർഗീസ് ജല അതോറിറ്റിയിലെ കരാർ ജീവനക്കാരനാണ്. അമ്മ ലൈസ വീട്ടമ്മയും. സാധാരണ കുടുംബത്തിന് കൈത്താങ്ങാകാനാണ് അമല്‍ കൊച്ചിയിൽ ജോലി നോക്കുന്നത്.

കൈരളി ബേക്കറിയുടെ അടുത്തു നിന്ന് തന്നെയാണ് ലോട്ടറി വാങ്ങിയത്. ലോട്ടറി വാങ്ങുന്നത് ശീലമായിരുന്നു. കുറച്ചു പൈസ മുടക്കിയിരുന്നു അതിനായി. ഭാഗ്യം വരുമെന്ന് പ്രതീക്ഷില്ല. തനിക്കാണ് ഒരു കോടി അടിച്ചതെന്ന് കേട്ടപ്പോൾ വിശ്വാസമായില്ല. ആദ്യം പറഞ്ഞത് ബേക്കറി മുതലാളിയോടാണ്. അദ്ദേഹം ഉടൻ തന്നെ കടയിലിരിക്കാനും പുറത്തേക്കിറങ്ങണ്ട എന്നും പറഞ്ഞു. പിന്നെ നാട്ടിലേക്ക് വിളിച്ചു പറഞ്ഞു. അച്ഛൻ ചോദിച്ചത് പറ്റിക്കാൻ പറയുവാണോ എന്നാണ്. ഇതറിഞ്ഞ കൂട്ടുകാർ കോളടിച്ചല്ലോ എന്നാണ് പറഞ്ഞത്. അമൽ സന്തോഷ നിമിഷത്തെക്കുറിച്ച് പറയുന്നു.  

അച്ഛൻ കൊച്ചിയിലെത്തി അമലിനെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയിരിക്കുകയാണ് ഇപ്പോൾ. ബാങ്കുകളിൽ നിന്ന് വിളികൾ വരുന്നുണ്ട്. ഒരു കോടിയിൽ നിന്ന് നികുതി എല്ലാം കഴിച്ച് 65 ലക്ഷത്തോളം കയ്യിൽ കിട്ടുമെന്നാണ് കരുതുന്നത്. ഈ പണം കൊണ്ട് നല്ലൊരു വീട് പണിയണം, സഹോദരിയുടെ വിവാഹം നടത്തണം, തുടർന്ന് പഠിക്കണം. അമലിന്റെ സ്വപ്നങ്ങൾ പറയുന്നു. നല്ല വഴിയും വെള്ളവും ലഭിക്കുന്ന സ്ഥലത്തേക്ക് മാറി താമസിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വന്ന വഴി മറക്കില്ല ഈ ചെറുപ്പക്കാരൻ. വീണ്ടും കൊച്ചിയിലെ ബേക്കറിയിലേക്ക് തിരികെ ജോലിക്കെത്താൻ തയ്യാറായിരിക്കുകയാണ് അമൽ