'ലോട്ടറി അടിക്കെട്ടെടാ, നമുക്ക് ശരിയാക്കാം'; തൊട്ടുപിന്നാലെ അടിച്ചു: കോടിപതി..!

പതിവുപോലെ ലോട്ടറി എടുക്കുന്നതിനിടയിൽ പറഞ്ഞ വാക്കുകളെ ഭാഗ്യദേവത കടാക്ഷിച്ച സന്തോഷത്തിലാണ് വിഴിഞ്ഞം സ്വദേശി ഷാജി. കൂട്ടുകാരൻ സന്തോഷിനോടാണ് ലോട്ടറി അടിച്ചാൽ നമുക്ക് ശരിയാക്കാമെന്ന് കാരുണ്യ എടുക്കുമ്പോൾ ഷാജി പറഞ്ഞത്. എന്തായാലും നാവ് പൊന്നായി.  ടിക്കറ്റിന് വൈകുന്നേരം നറുക്കെടുത്തപ്പോൾ കാരുണ്യയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ. 

അനുജൻ വിളിച്ച് പറഞ്ഞിട്ടും ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിട്ടും ഷാജിയുടെ  അമ്പരപ്പ് മാറിയിരുന്നില്ല. നെല്ലിമൂട് സ്വദേശിയായ ഏജന്റിൽ നിന്നുമാണ് ഷാജി ടിക്കറ്റെടുത്തത്. സ്ഥിരമായി ലോട്ടറിയെടുക്കുമെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നത് ഇതാദ്യമായാണ്. ഒൻപതിലും 12 ലും അവസാനിക്കുന്ന നമ്പറുകളോടാണ് ഷാജിക്ക് ഇഷ്ടം. അങ്ങനെ ഒൻപതിൽ അവസാനിക്കുന്ന നമ്പർ ഭാഗ്യം കൊണ്ടുവന്ന സന്തോഷത്തിലാണ് ഷാജി.

മനസ് നിറഞ്ഞ് പറഞ്ഞത് മുകളിലെത്തിയിട്ടാവണം ലോട്ടറിയടിച്ചതെന്ന് വിശ്വസിക്കുന്ന ഷാജി കൂട്ടുകാരൻ സന്തോഷിന് ഓട്ടോ വാങ്ങിക്കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. വാടകയ്ക്ക് ഓട്ടോ ഓടിക്കുകയായിരുന്നു സന്തോഷ്. കൂട്ടുകാരന്റെ സ്നേഹ സമ്മാനം എത്തുമെന്നറിഞ്ഞതോടെ സന്തോഷും സന്തോഷത്തിലാണ്.