അതിഥി തൊഴിലാളിക്ക് കേരളത്തിന്റെ 'കാരുണ്യം'; ഇനി സ്വപ്നങ്ങൾക്കായി നാടണയണം

ലോക് ഡൗണ്‍ ദുരിതത്തിനിടെ കൂട്ടുകാര്‍ നാട്ടിലേക്ക് വണ്ടികയറിയിട്ടും കേരളത്തില്‍ പിടിച്ചുനിന്ന അതിഥി തൊഴിലാളിക്ക് എണ്‍പതുലക്ഷം രൂപ ലോട്ടറിയടിച്ചു. അസം സ്വദേശി ടിങ്കു ദാസിനാണ് ചൊവ്വാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം അടിച്ചത്. 15 വര്‍ഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ ജീവിക്കാന്‍ വഴിതെളിഞ്ഞ സന്തോഷത്തിലാണ് ടിങ്കു ദാസ്.

80 ലക്ഷം ലോട്ടറിയടിച്ച സന്തോഷത്തില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന അതിഥി തൊഴിലാളിയുടെ ഫോട്ടോ കണ്ടാണ് ആ ഭാഗ്യവാനെ അന്വേഷിച്ചിറങ്ങിയത്. പട്ടം മരപ്പാലത്തുള്ള കെട്ടിടനിര്‍മാണസ്ഥലത്ത് എത്തിയപ്പോള്‍ ലക്ഷാധിപതി പൊരിവെയിലില്‍ വാര്‍ക്കപ്പണിയെടുക്കുന്നു. ലോട്ടറി ബാങ്കില്‍ ഏല്‍പ്പിച്ചതോടെ സമാധാനമായി പണിയെടുക്കുകയാണ് കക്ഷി. സ്ഥിരം ഭാഗ്യക്കുറിയെടുക്കാറുള്ള ടിങ്കുദാസിന് നൂറും അഞ്ഞൂറുമൊക്കെ പലതവണ കിട്ടിയിട്ടുണ്ട്. സീരീസിലെ അഞ്ച് ടിക്കറ്റുകള്‍ എടുത്തതിനാല്‍ ഇത്തവണ ഒന്നാം സമ്മാനത്തിന് പുറമെ എണ്ണായിരം രൂപവീതമുള്ള അഞ്ച് സമാശ്വാസസമ്മാനങ്ങളും കിട്ടി. പുലയനാര്‍കോട്ടയിലെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്ന വഴി എടുത്ത ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. അധികം സ്വപ്നങ്ങളൊന്നുമില്ല ടിങ്കുവിന്, വെള്ളപ്പൊക്കത്തില്‍ നിലച്ചുപോയ വീടുപണി പൂര്‍ത്തിയാക്കണം, നാട്ടില്‍ സഹോദരന്റെ കൂടെ കൂടി ഒരു ബേക്കറി തുടങ്ങണം. പിന്നെ കല്യാണവും കഴിക്കണം.

കഴിഞ്ഞ 15 വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്ന ടിങ്കു ലോക് ഡൗണിനെ തുടര്‍ന്ന് കൂട്ടുകാരെല്ലാം അസമിലേക്ക് മടങ്ങിയെങ്കിലും ഇവിടെ പിടിച്ചുനില്‍ക്കുകയായിരുന്നു. ഒരു മാസത്തിലേറെ ജോലിയും വരുമാനവും ഇല്ലാതെ കഴിഞ്ഞുകൂടി. ഇതിനിടെ സുഹൃത്തില്‍ നിന്ന് പണം കടംവാങ്ങി വീട്ടിലേക്ക് അയച്ചുകൊടുത്തു. അച്ഛനും അമ്മയും സഹോദരനും സഹോദരിയുമടങ്ങിയ കുടുംബം അതുകൊണ്ടാണ് ഇത്രയും ദിവസം തള്ളിനീക്കിയത്. ഇപ്പോള്‍ ടിങ്കുവിന് ലോട്ടറിയടിച്ചതറിഞ്ഞ് സന്തോഷിച്ചിരിക്കുകയാണ് അവരെല്ലാവരും.