യാത്രക്കാരൻ ലഹരിയിൽ മയങ്ങി; ബസ് ജീവനക്കാർക്കു പൊല്ലാപ്പ്; ട്രിപ്പ് മുടങ്ങി

നാദാപുരം: മദ്യലഹരിയിൽ യാത്രക്കാരൻ ബസിൽ നിന്ന് ഇറങ്ങാതെ സീറ്റിനു താഴെ കിടന്നതോടെ കെഎസ്ആർടിസി ബസ് ജീവനക്കാർ വലഞ്ഞു. തലശ്ശേരിയിൽ നിന്നു കോപ്പാലം വഴി നാദാപുരത്തേക്കുള്ള ബസിലാണ് ഇന്നലെ യാത്രക്കാരൻ മദ്യലഹരിയിൽ കിടന്നുപോയത്.  ഉച്ചയ്ക്കു ശേഷം 3നു നാദാപുരം ബസ് സ്റ്റാൻഡിലാണു സംഭവം. യാത്രക്കാരനെ എഴുന്നേൽപിക്കാൻ കണ്ടക്ടറും ഡ്രൈവറും ശ്രമിച്ചെങ്കിലും ഫലിച്ചില്ല.   പൊലീസിൽ അറിയിച്ചപ്പോൾ ഇടപെടാൻ കഴിയില്ലെന്നായി മറുപടി. 

തലശ്ശേരി ഡിപ്പോയിൽ വിവരം അറിയിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല.  3.20നു നാദാപുരത്തു നിന്ന് തലശ്ശേരിക്കു പോകേണ്ട ബസിന്റെ ട്രിപ്പ്  ഇതോടെ മുടങ്ങി. ഒടുവിൽ വളയത്തു നിന്ന് 108 ആംബുലൻസ് വരുത്തി യാത്രക്കാരനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.