മകളുടെ വിവാഹം; കാറിൽ ചാണകം പൂശി ഡോക്ടർ കൂടിയായ അച്ഛൻ; പിന്നിൽ

മകളുടെ വിവാഹ വാഹനത്തിൽ ചാണകം പൂശി ഡോക്ടർ കൂടിയായ അച്ഛൻ. മഹാരാഷ്ട്രയിലെ കോലാപൂരിലുള്ള ഡോക്ടർ നവ്നാഥ് ധുദലാണ് തന്റെ ഇന്നോവയിൽ ചാണകം പൂശിയത്. ചാണകം കാൻസർ അകറ്റുമെന്നും മനുഷ്യ ശരീരത്തിലെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തുമെന്നും നവ്നാഥ് പറയുന്നു. ഇത് പ്രചരിപ്പിക്കാൻ കൂടിയാണ് വിവാഹക്കാറിൽ ചാണകം പൂശിയത്.

വാഹനത്തിന്റ പുറത്ത് ചാണകം പൂശിയാൽ അകത്തെ താപനിലയും എസിയുടെ ഉപയോഗവും കുറയുമെന്നും മൊബൈൽ റേഡിയേഷൻ കുറയ്ക്കുമെന്നും നവ്നാഥ് പറയുന്നു.

നേരത്തെ വാഹനത്തിലെ ചൂട് കുറയ്ക്കുന്നതിനായി എസ്‍യുവിയിൽ ചാണകം പൂശി ഇദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇതു കാറിനകത്തെ ചൂട് 5 മുതൽ 7 ഡിഗ്രിവരെ കുറയ്ക്കുമെന്നും ഇയാൾ പറയുന്നു. കൂടാതെ ചാണകം പൂശുന്നതുകൊണ്ട് വാഹനത്തിന്റെ നിറത്തിന് ഒരുകോട്ടവും സംഭവിക്കില്ലെന്നും ആദ്യം കുറച്ചു സമയത്തേയ്ക്ക് മാത്രമേ ദുർഗന്ധമുണ്ടാകൂവെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മുംബൈയിലെ ടാറ്റ കാൻസർ ആശുപത്രിയിലെ സീനിയർ ഡോക്ടറാണ് നവ്നാഥ് ദുദ്ഹല.‌ ഗോമൂത്രത്തിൽ നിന്ന് കാൻസറിന്റെ മരുന്നുണ്ടാക്കുന്ന പഠനത്തിലാണെന്നും ഡോക്ടർ നവ്നാഥ് പറയുന്നു. മൺവീടുകളിൽ ചൂടു കുറയ്ക്കാനായി ചാണകം ഉപയോഗിക്കുന്നുണ്ട്. അതേ ആശയം തന്നെയാണ് തന്റെ കാറിലും പ്രയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.