പശു ഷോക്കേറ്റ് പിടഞ്ഞു വീണു; കയറില്‍ പിടിച്ചില്ല, ഉടമ രക്ഷപ്പെട്ടു

‘‘പശുവിനെ പുല്ല് തീറ്റിക്കാന്‍ കൊണ്ടുപോയതായിരുന്നു. പശു ഓടിപോകാതിരിക്കാന്‍ കയറില്‍ പിടിച്ചിരുന്നു. ഇതിനിടെ, പുല്ല് കണ്ട ഉടനെ വേഗം പശു ഓടിപ്പോയി. വിജനമായ സ്ഥലമായതിനാല്‍ കയറില്‍ പിടിച്ചതുമില്ല. പിന്നെ, കാണുന്നത് വൈദ്യുതി കമ്പി ദേഹത്ത് ഉടക്കി പിടയുന്നതാണ്. ഷോക്കേറ്റതാണെന്ന് മനസിലായതോടെ അടുത്തേയ്ക്ക് പോയില്ല’’.  പശുവിനെ തീറ്റിക്കാന്‍ പോയ ഉടമ നന്‍മണിക്കര സ്വദേശി ബെന്നിയ്ക്ക് ഇതുപറയുമ്പോഴും ഞെട്ടല്‍ മാറിയിട്ടില്ല. നന്‍മണിക്കരയില്‍ പശുവിനെ പുല്ലു തീറ്റിക്കാന്‍ രാവിലെ എട്ടു മണിയ്ക്കാണ് ബെന്നി വീട്ടില്‍ നിന്ന് ഇറങ്ങിയത്. പശു മുന്നില്‍ നടന്നിരുന്നു. പുല്ല് കണ്ടപ്പോള്‍ പശു ഓടിയത് കൊണ്ടാണ് ബെന്നിയുടെ ജീവന്‍ തിരിച്ചുക്കിട്ടിയത്. പശുവിന്റെ കയറില്‍ പിടിച്ചിരുന്നെങ്കില്‍ അപായം സംഭവിക്കുമായിരുന്നു. 

കഴിഞ്ഞ ദിവസം ഈ മേഖലയില്‍ വൈദ്യുതി വിതരണം ഇല്ലായിരുന്നു. കമ്പി പൊട്ടി വീണതാകാം കാരണം. കമ്പിയില്‍ പശു ചവിട്ടിയ ഉടനെ ഷോക്കേറ്റു. ദേഹമാസകലം കമ്പി ചുറ്റിപ്പിടിച്ചു. ഷോക്കേറ്റതാണെന്ന് ബെന്നിയ്ക്കു മനസിലായി. നിലവിളിച്ച് ആളെ കൂട്ടി. നാട്ടുകാര്‍ ഉടനെ കെ.എസ്.ഇ.ബി ഓഫിസില്‍ വിവരമറിയിച്ചു. വൈദ്യുതി ഓഫ് ചെയ്ത ശേഷമാണ് അടുക്കാനായത്. അപ്പോഴേയ്ക്കും പശു ചത്തിരുന്നു. ദീര്‍ഘകാലമായി ബെന്നിയുടെ ഉപജീവനം പശുവിനെ വളര്‍ത്തലായിരുന്നു. ഒരു പശുവിനെ വളര്‍ത്തി കിട്ടുന്ന പാല്‍ വിറ്റാണ് ഉപജീവനം. പശു ചത്തതോടെ ബെന്നിയുടെ ഉപജീവനവും മുടങ്ങി. കെ.എസ്.ഇ.ബി. അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു. നഷ്ടപരിഹാരം ആരു തരുമെന്നതാണ് പുതിയ പ്രശ്നം. കെ.എസ്.ഇ.ബി. അധികൃതര്‍ നഷ്ടപരിഹാരം തരണമെന്ന് ഉടമ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജനപ്രതിനധികളും ഇടപ്പെട്ടിട്ടുണ്ട്.