ന്യൂജെൻ ബൈക്കിന്റെ കാതടിപ്പിക്കുന്ന ശബ്ദം; പശു വിരണ്ടോടി; മതിലിനിടയിൽ കുടുങ്ങി

പുല്ലാട്: പുതുതലമുറ ബൈക്കിന്റെ കാതടിപ്പിക്കുന്ന ശബ്ദം കേട്ട് ഭയന്ന് ഓടയിൽ വീണു കുടുങ്ങിയ പശുവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വടക്കേ കവലയ്ക്കും ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനും മധ്യേ ഇന്നലെ രാവിലെയാണ് പശു ഓടയിൽ വീണത്. പ്ലാച്ചോടിനു സമീപം വൈക്കര വീട്ടിൽ വി.കെ. ഗോപിയുടെ പശുവാണ് കാടുമൂടിയ ഓടയിൽ വീണത്. സമീപത്തെ മതിലിനും ഓടയ്ക്കും ഇടയിൽ ഞെരുങ്ങിപ്പോയ പശുവിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ സമീപവാസികളുടെ ഏറെ നേരത്തെ ശ്രമഫലമായി മതിൽ പൊളിച്ചു മാറ്റിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.  

ആധുനിക രീതിയിൽ റോഡ് ടാറിങ് നടത്തിയെങ്കിലും ഓടകൾക്കു മൂടി സ്ഥാപിച്ചിട്ടില്ല. ഓടകൾക്കു വീതി കുറവാണെന്നും പ്രദേശവാസികൾ പറയുന്നു. റോഡ് വശങ്ങളിൽ കാട് വളർന്നു നിൽക്കുന്നതു മൂലം ഓടകൾ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും അവർ പറയുന്നു. സൈലൻസർ മാറ്റിവച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടു കൂടി ബൈക്കുകളുമായി യുവാക്കൾ ഇതുവഴി പായുന്നത് പതിവാണെന്നും ഇങ്ങനെ ഓടിക്കുന്ന ബൈക്കുകൾക്ക് നമ്പർ പ്ലേറ്റ് കാണാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇത്തരം ബൈക്കുകൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.