ബീഫ് ഫ്രൈയിലെ വിചിത്ര എല്ല്; പട്ടി ഇറച്ചിയെന്ന് പ്രചാരണം; സത്യാവസ്ഥ ഇതാണ്

ബീഫ് ഫ്രൈയിലെ ആ വിചിത്രമായ എല്ല് പോത്തിന്റേതു തന്നെ. രണ്ടാഴ്ചയായി ഫെയ്സ്ബുക്കിലും വാട്സാപ്പിലും കറങ്ങിനടന്ന കൽപ്പറ്റ കാട്ടിക്കുളത്തെ ഹോട്ടലിലെ ബീഫ് ഫ്രൈ കഥയിലെ നിഗൂഢത ചുരുളഴിഞ്ഞു. ബീഫ് ഫ്രൈയിൽ കണ്ടെത്തിയ എല്ല് പോത്തിന്റേതോ കാളയുടേതോ ആണെന്ന് ഹൈദരാബാദിലെ മീറ്റ് സ്പീഷീസ് ഐഡന്റിഫിക്കേഷൻ ലബോറട്ടറിയിലെ പരിശോധനയിൽ തെളിഞ്ഞു. കാട്ടിക്കുളത്തെ ഹോട്ടലിൽനിന്നു വാങ്ങിയ ബീഫ് ഫ്രൈയിൽ മരക്കഷണത്തോടു സാമ്യമുള്ള എല്ല് കണ്ടെത്തിയതാണു വിവാദമായത്.

ബീഫ് ഫ്രൈയിലെ എല്ലിൻകഷണം പോത്തിന്റേതല്ലെന്നും ഹോട്ടലുകളിലെ പട്ടിയിറച്ചി വിൽപനയ്ക്കു തെളിവാണിതെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ വാദം. എല്ലിന്റെ വലുപ്പവും നീളവും നോക്കി ചിലർ ഇതു പട്ടിയുടെ എല്ലാണെന്ന് ഉറപ്പിക്കുകയും ചെയ്തു. പേ പിടിച്ച നായ്ക്കളുടെ വരെ മാസം ഹോട്ടലുകളിലൂടെ വിറ്റഴിക്കുന്നതായും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നും ആരോപണമുണ്ടായി. തുടർന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരാതിക്കാരനിൽ നിന്നു രേഖാമൂലം മൊഴിയെടുക്കുകയും സാംപിൾ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ 4ന് സാംപിൾ മോളിക്യുലാർ അനാലിസിസ് പരിശോധനയ്ക്കായി ഹൈദരാബാദിലേക്കയച്ചു. ഇന്നലെ ഫലം ലഭിച്ചതോടെ ദിവസങ്ങളോളം പ്രചരിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി.

ഇതുപോലെ സങ്കീർണമായ പരാതിയിൽ ഫലം നിർണയിക്കേണ്ടതു സമൂഹ മാധ്യമങ്ങളിലെ ചിത്രം മാത്രം കണ്ടല്ല. പരിമിതികളുണ്ടെങ്കിലും ഏതു പരാതിയും സമയബന്ധിതമായി പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പിനുണ്ട്. ഏതോ ഒരു വെറ്ററിനറി ഡോക്ടർ, ബീഫ് ഫ്രൈയിലെ എല്ല് പോത്തിന്റേതല്ലെന്ന് ശാസ്ത്രീയ പരിശോധന കൂടാതെ ഉപദേശം നൽകിയതാണു വലിയ വിവാദമാക്കിയത്. ഇത്തരം സന്ദേശങ്ങൾ സത്യമറിയാതെ ഷെയർ ചെയ്യുന്നതു ബീഫ് കഴിക്കുന്നവരിൽ പരിഭ്രമവും അറപ്പും ആശങ്കയും ഉണ്ടാക്കാനേ ഉപകരിക്കൂ’’ - പി.ജെ. വർഗീസ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ, വയനാട്