‘തെലങ്കാന പൊലീസ് ചെയ്തത് വലിയ തെറ്റ്’; കാരണം നിരത്തി ജോര്‍ജ് ജോസഫ്

ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയവരെ തെലങ്കാന പൊലീസ് വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ചും എതിർത്തും വാദങ്ങളുണ്ട്.  ഒപ്പം കേരള പൊലീസിനെ ചില കേസുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്നവരും ഉണ്ട്.  തെലങ്കാന പൊലീസിനെയും കേരള പൊലീസിനെയും കുറിച്ച് റിട്ട. എസ്.പി ജോർജ് ജോസഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു. 

തെലങ്കാന പൊലീസിന്റെ പ്രവൃത്തിയെ യാതൊരു തരത്തിലും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനാകില്ല. അവർ നടത്തിയത് ഫെയ്ക്ക് എൻകൗണ്ടറാണ്. ഈ നാലു പ്രതികളും കസ്റ്റഡയിലിരിക്കുന്നവരാണ്. തെളിവെടുപ്പിന് പോകുമ്പോൾ ഒരു പ്രതിക്ക് രണ്ട് പൊലീസ് എന്നാണ് കണക്ക്. അറുപതോളം പൊലീസുകാർ തെളിവെടുക്കാൻ പോകുമ്പോൾ കാണും. ഈ പ്രതികളുടെ കയ്യിൽ വിലങ്ങും അണിയിച്ചിട്ടുണ്ടാകും. അങ്ങനെയുള്ളവർ ആയുധം തട്ടിയെടുക്കാൻ ശ്രമിച്ചു, പൊലീസിനെ ആക്രമിക്കാൻ നോക്കി എന്ന് പറയുന്നത് കള്ളത്തരമാണ്. 

പൊലീസിന്റെ ഈ പ്രവൃത്തിയിലൂടെ നമ്മുടെ വീട്ടിലൊരു കുട്ടിയെ കൊലപ്പെടുത്തിയാൽ അതിനുള്ള മറുപടി കൊലയാണെന്ന് ജനങ്ങൾ ധരിക്കും. ജനങ്ങൾ നിയമം കയ്യിലെടുക്കാൻ തുടങ്ങിയാൽ അപകടമാണ്. എൻകൗണ്ടറാണ് നല്ലതെന്ന് പറയുന്നത് കേവലം വൈകാരിക പ്രതികരണങ്ങൾ മാത്രമാണ്. ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. ഗാന്ധിജിയുടെയും ഇന്ദിരാഗാന്ധിയുടെയും ഘാതകർക്ക് പോലും നിയമ വ്യവസ്ഥയിലൂടെയാണ് ശിക്ഷ വിധിച്ചത്. 

തെലങ്കാന പൊലീസിനെ പിന്തുണയ്ക്കുന്നതിനൊപ്പം കേരളപൊലീസിനെ വിമർശിക്കുന്നവരും കുറവല്ല. കേരള പൊലീസിന് ചുണയില്ലാത്തതുകൊണ്ടാണ് എൻകൗണ്ടറുകൾ നടക്കാത്തതെന്നാണ് വിമർശനം. കേരളമൊഴിച്ച് മറ്റ് സംസ്ഥാനങ്ങളിൽ അറിഞ്ഞതും അറിയാത്തതുമായി നിരവധി എൻകൗണ്ടറുകൾ നടന്നിട്ടുണ്ട്. എന്നാൽ കേരള പൊലീസ് നടത്തിയെന്ന് പറയുന്ന ഏക എൻകൗണ്ടർ നക്സൽ വർഗീസിന്റേതാണ്. എൻകൗണ്ടർ നടത്താൻ ചുണയില്ലാത്തതുകൊണ്ടല്ല, ശരിയായ രീതി അതല്ല. മാവോയിസ്റ്റ്, നക്സൽ, തീവ്രവാദി പട്ടികയിലുള്ളവരെ വെടിവെച്ചുകൊല്ലാൻ പൊലീസിന് അധികാരമുണ്ട്. 

വി.സി.സജ്ജനാറിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എൻകൗണ്ടറാണിത്. ആദ്യത്തെ തവണ കാര്യമായ ശിക്ഷ നടപടികളൊന്നും ഉണ്ടാകാതിരുന്നത് കൊണ്ടാണ് രണ്ടാമതും എൻകൗണ്ടറിന് മുതിർന്നത്. പൊലീസുകാരനാണെങ്കിലും ചെയ്തത് കൊലപാതകമാണ്, അതിന് കൃത്യമായി മറുപടി സജ്ജനാർ പറയേണ്ടി വരും- ജോർജ് ജോസഫ് പറഞ്ഞു.