ലൈറ്റിട്ടാൽ ഫാൻ കറങ്ങും, ഫാനിന്റെ സ്വിച്ചിട്ടാൽ കറന്റ് തന്നെ പോകും; ‘ഒന്നൊന്നര’ വയറിങ്

ലൈറ്റിട്ടാൽ ഫാൻ കറങ്ങും. ഫാനിന്റെ സ്വിച്ചിട്ടാൽ കറന്റ്  തന്നെ പോയെന്നിരിക്കും. ഇടിമിന്നിയാൽ എല്ലാ ലൈറ്റും ഒന്നിച്ച് കത്തും. ആകെ കൂടിക്കിരുങ്ങി കിടക്കുകയാണ് കട്ടച്ചിറ ഗവ.ട്രൈബൽ ഹൈസ്കൂളിലെ വൈദ്യുതി സംവിധാനം. പരാതി പറഞ്ഞ്  സ്കൂൾ അധികൃതർ മടുത്തു. സുരക്ഷാ മാനദണ്ഡം ഒന്നും പാലിക്കാതെയുള്ള  വയറിങ് വൻ അപകടത്തിലേക്കു വഴിയൊരുക്കാൻ സാധ്യത. സ്കൂളിലെ എൽപി, ഹൈസ്കൂൾ വിഭാഗത്തിലെ വയറിങ് കണ്ടാൽ ആരും ഞെട്ടിപ്പോകും. എൽപി വിഭാഗത്തിൽ മീറ്ററിനു സമീപത്തെ ഫ്യൂസ് കത്തിപ്പോയിട്ട് മാസങ്ങളായി.  

പ്രധാന ലൈൻ മെയിൻ സ്വിച്ചിലേക്കു നേരിട്ട് കൊടുത്തിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ട് ഉണ്ടായാൽ മെയിൻ സ്വിച്ചിലേക്കുള്ള വൈദ്യുതി പ്രവാഹം നിലയ്ക്കില്ല.സ്മാർട്ട് ക്ലാസ്  അടക്കം  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സർക്യൂട്ട് ബ്രേക്കർ ഒന്നും ഇല്ലാതെ നേരിട്ടാണ് ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്നത്. ഹൈസ്കൂളിൽ ഇരുനിലക്കെട്ടിടത്തിലെ മിക്ക വയറിങും ഇളകി മുറിഞ്ഞു കിടക്കുന്നു. മുകളിലത്തെ നിലയിലേക്കു പോകുന്ന പടിക്കു സമീപം ഇൻസുലേഷൻ പോലും ഇല്ലാതെ കിടക്കുന്ന ലൈനിലൂടെ വൈദ്യുതി പോകുന്നുണ്ട്. മഴക്കാലത്ത് ചില ഭാഗത്ത് തൊട്ടാൽ ഷോക്കേൽക്കും. 

ഇടിമിന്നലുണ്ടാകുമ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിക്കാറില്ല.  മിക്ക ലൈറ്റും ഫാനും തകരാറിലാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ഉണ്ട്.ഇവയുടെ സുരക്ഷ പോലും ഉറപ്പാക്കാനാകുന്നില്ല.