പ്രണയം തകര്‍ന്നു; ഐഎസ് മോഡല്‍ ആക്രമണത്തിന് പദ്ധതിയിട്ടു: അറസ്റ്റ്

രണ്ട് ദിവസം മുൻപാണ് അസമിൽ ഐഎസ് മോഡലിലുള്ള ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് അറിയിപ്പ് ലഭിക്കുന്നത്. അന്വേഷണത്തിൽ ആക്രമണം ആസൂത്രണം ചെയ്ത രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിലൊരാൾ ഐഎസിൽ ആകൃഷ്ടനാകാനും ആക്രമണം നടത്താൻ പദ്ധതിയിട്ടതിനും പറഞ്ഞ കാരണമാണ് പൊലീസിനെ ഞെട്ടിച്ചിരിക്കുന്നത്. 

24കാരനായ ലൂയിത് സമീൽ സമാൻ എന്ന യുവാവ് താൻ ഐഎസിൽ ആകൃഷ്ടനാകാനുള്ള കാരണം പ്രണയനൈരാശ്യമാണെന്നാണ് പൊലീസിനോട് പറഞ്ഞത്. ലൂയിത്തും നാട്ടിലുള്ള ഒരു ഹിന്ദു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം ഗ്രാമമുഖ്യരുൾപ്പടെയുള്ളവർ തടഞ്ഞു. ലൂയിത്തിനോട് ഒരു കാരണവശാലും പെൺകുട്ടിയെ കാണരുതെന്ന് കർശനമായി നിർദേശിച്ചു. 

പ്രണയം തകർന്നതോടെ ലൂയിത് മാനസികമായി തകർന്നു. തന്റെ പ്രണയം എതിർത്തവരെ എങ്ങനെയെങ്കിലും തകർക്കണമെന്ന പ്രതികാരം മനസിൽ ആളിക്കത്തി. ഇത് ഇയാളെ എത്തിച്ചത് ഐഎസ് അനുഭാവികളുടെ ടെലിഗ്രാം ചാനലിലാണ്. ജിഹാദി ആശയങ്ങൾ പങ്കുവെയ്ക്കുന്നവരുമായി ലൂയിത്ത് വേഗം അടുത്തു. 

നഗരത്തിൽ സ്ഫോടനം നടത്താനായി സ്ഫോടകവസ്തുക്കൾ ഈ ബന്ധങ്ങൾ വഴി ലൂയിത്ത് എത്തിച്ചു. നവംബർ അവസാനം നടക്കുന്ന രാസ്മേള ആഘോഷത്തിനിടയ്ക്ക് സ്ഫോടനം നടത്താനായിരുന്നു പദ്ധതി. സംശയാസ്പദമായ വാട്സാപ്പ് ഗ്രൂപ്പുകളും ടെലിഗ്രാം ചാനലുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇവരുടെ ചാറ്റ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നതും പിടിയിലാകുന്നതും