ഒൻപത് മണിക്കൂർ, 35,000 പേർക്ക് സിപിആർ പരിശീലനം; 'ഹാർട്ട് ബീറ്റ്സ്' ഗിന്നസ് ബുക്കിലേക്ക്

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക്  സിപിആര്‍ പരിശീലനം നല്‍കി ഗിന്നസ് ബുക്കില്‍ കയറാനൊരുങ്ങി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷൻ കൊച്ചി‍. എറണാകുളം ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ഏയ്ഞ്ചൽസ് ഇന്റർനാഷനൽ ഫൗണ്ടേഷൻ, ആരോഗ്യവകുപ്പ്, വിദ്യാഭ്യാസവകുപ്പ് തുടങ്ങിയവരുടെ കൂടി സഹകരണത്തോടെയാണു 'ഹാർട്ട് ബീറ്റ്സ്' എന്ന പദ്ധതി നടപ്പാക്കുന്നത്. നാളെ നെടുമ്പാശേരിയില്‍ 250 സ്കൂളുകളിൽ നിന്നുള്ള ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണു പരിശീലനം. 

നെഞ്ചില്‍ ഉരുണ്ടുകൂടുന്ന വേദനയുടെ മിന്നല്‍ പിണര്‍. ഹൃദയാഘാതമെന്ന മരണത്തിന്‍റെ ഇടിമുഴക്കമെത്തും മുന്‍പേ ഉറ്റവരെ ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റാന്‍ തയാറാവുന്നത് 35,000 കുട്ടികള്‍. ഒരുമണിക്കൂറില്‍ നാലായിരം പേരെ വീതം പരിശീലിപ്പിച്ച് ഒന്‍പത് മണിക്കൂര്‍ കൊണ്ട് 35,000ത്തോളം പേരിലെത്തും വിധമാണു ക്രമീകരണങ്ങള്‍. എട്ടുമണിക്കൂറില്‍ 9000 പേരെന്ന നിലവിലെ റെക്കോര്‍ഡ് മറികടന്ന് ഗിന്നസ് ബുക്കിലും ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സിലും   ഇടംപിടിക്കുകയാണ് ലക്ഷ്യം. 

35,000പേരെ എട്ടുമണിക്കൂറിനുള്ളില്‍ നെടുമ്പാശേരിയിലെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലെത്തിക്കുകയാണ് പ്രധാനവെല്ലുവിളി. ‌35,000വിദ്യാര്‍ഥികള്‍ മറ്റ് സഹപാഠികളേയും കുടുംബാംഗങ്ങളേയും അയല്‍വാസികളേയും പരിശീലിപ്പിക്കുന്നതിലൂടേ പ്രാഥമിക ശുശ്രൂഷ അറിയാവുന്നവരുടെ എണ്ണം വന്‍തോതില്‍ ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ