നൂറ്റാണ്ടുകൾക്ക് മുൻപ് മുങ്ങിയകപ്പൽ; നിധി തേടി ഇറങ്ങി; കണ്ടത് അപൂർവ മദ്യശേഖരം

നൂറ്റാണ്ടുകൾക്ക് മുൻപ് കടലിൽ മുങ്ങിപ്പോയ കപ്പൽ. തകർന്ന് കിടന്ന കപ്പലിനുള്ളിൽ നിധി തേടി ഇറങ്ങിയവരെ കാത്തിരുന്നത് സ്വർണമോ രത്നങ്ങളോ ആയിരുന്നില്ല. പകരം അപൂർവ മദ്യശേഖരമാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുങ്ങിപ്പോയ കപ്പലിൽ നടത്തിയ പരിശോധനയിലാണ് 102 വർഷം പഴക്കമുള്ള മദ്യം കണ്ടെത്തിയത്. പലതരം ബോട്ടിലുകളിലായി സൂക്ഷിച്ചിരുന്ന മദ്യം ഉപയോഗിക്കാമോ എന്ന് വിദഗ്ധ പരിശോധനകൾക്ക് ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കുന്നു. 

അപൂര്‍വ്വമായ കോണിയാക് ബോട്ടിലുകളും ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള ബെനഡിക്ടൈന്‍  മദ്യവുമാണ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. കോണിയാക്കിന്‍റെ 600 ബോട്ടിലുകളും ബെനഡിക്ടൈന്‍റെ 300 കുപ്പികളുമാണ് കണ്ടെത്തിയത്. ബാള്‍ട്ടിക് സമുദ്രത്തില്‍ 77 മീറ്റര്‍ ആഴത്തിലാണ് തകര്‍ന്ന നിലയില്‍ കപ്പല്‍ കണ്ടെത്തിയത്. ഫ്രാന്‍സില്‍ നിന്ന് റഷ്യന്‍ നഗരമായ സെന്‍റ് പീറ്റേഴ്സബര്‍ഗിലേക്ക് തിരിച്ച കൈറോസ് എന്ന കപ്പലാണ് ഗവേഷകര്‍ കണ്ടെത്തിയത്.