അമ്മ പെറ്റിട്ടത് ഇൗ പറമ്പിൽ; ഇന്നും ആളൊഴിഞ്ഞ പറമ്പിന് കാവൽ; ‘ജയ്​ലി’ എന്ന നായ

അമ്മ ഇവിടെയാണ് പെറ്റിട്ടത്, അയൽക്കാരാണ് വിശക്കുമ്പോൾ ഭക്ഷണം തരുന്നത്, ആളൊഴിഞ്ഞ ഇൗ പറമ്പ് വിട്ട് പുറത്തുപോകണമെന്ന് ഒരിക്കൽ പോലും ഇവൻ ആഗ്രഹിച്ചിട്ടില്ല. തിരുവനന്തപുരം കുറവൻകോണം - വയലിക്കട റോഡരികിലെ ആളൊഴിഞ്ഞ പുരയിടത്തിന്റെ ഗേറ്റിനുള്ളിലാണ് ജയ്​ലി എന്ന നായയുടെ താമസം. നാട്ടുകാർ നൽകിയ പേരാണ് ജയ്​ലി. കാരണം ആ ഗേറ്റ് വിട്ട് അവനെ അങ്ങനെ പുറത്തുകാണാറില്ല. എപ്പോഴും ആ ജയ്​ലിനുള്ളിൽ.

പിറന്നതു തെരുവിലാണെങ്കിലും  തെരുവു നായയുടെ ഒരു സ്വഭാവവും ജയ്‌ലിക്കില്ല. അല‍ഞ്ഞു തിരിയില്ല, യാത്രക്കാരെ ആക്രമിക്കില്ല. അടുപ്പക്കാ‍ർ നൽകുന്ന ഭക്ഷണം കഴിച്ച് അങ്ങനെ മുന്നോട്ടുപോകുന്നു..മാസങ്ങൾക്കു മുൻപാണ് അമ്മപ്പട്ടി ഈ ഒഴിഞ്ഞ സ്ഥലത്ത് എത്തുന്നത്. പിറന്നയുടൻ ജയ്‌ലിയെ ഉപേക്ഷിച്ച് അമ്മ കടന്നു. കൂടെപ്പിറപ്പുകളായിരുന്ന രണ്ടു പേരും പിന്നാലെ ജയ്‌ലിയെ വിട്ടുപോയി. അന്നു മുതൽ ഒഴിഞ്ഞ പറമ്പിലെ ഗേറ്റിനു സമീപം കാവൽക്കാരനായി ജയ്‌ലിയുണ്ട്.  പെരുമഴയിലും പൊരിവെയിലിലും ഇതിനു മാറ്റമില്ല. നായ സ്നേഹികളായ നാട്ടുകാർ നൽകുന്ന ഭക്ഷണമാണ് ഏകആശ്രയം. പുറത്തിറങ്ങാൻ വഴിയുണ്ടെങ്കിലും  ഈ 'ജയിൽ' ഉപേക്ഷിക്കാൻ നായ ഒരുക്കമല്ല.