കന്നിമാസം വന്നു; ആക്സിഡ് ഇന്ന് ജാൻവിയെ സ്വന്തമാക്കും; കതിർമണ്ഡപമൊരുങ്ങി

പുന്നയൂർക്കുളം: കാത്തിരിപ്പിനൊടുവിൽ കന്നിമാസം വന്നുചേർന്നു, ആക്സിഡ് ഇന്നു ജാൻവിയെ സ്വന്തമാക്കും. രാവിലെ 11നും 12നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ കുന്നത്തൂർമന ഹെറിറ്റേജിലാണു വിവാഹം. വാടാനപ്പിള്ളി പൊയ്യാറ ഷെല്ലിയുടെ മക്കളായ ആകാശിന്റെയും അർജുന്റെയും അരുമയാണ് ബീഗിൾ ഇനത്തിൽപ്പെട്ട ആക്സിഡ് എന്ന നായ. കല്യാണപ്രായമെത്തിയ ആക്സിഡിനൊരു തുണ വേണ്ടേ എന്ന ആധിയിലായിരുന്നു ഷെല്ലിയും ഭാര്യ നിഷയും.

3 മാസം മുൻപു ‘വധു’വിനു വേണ്ടിയുള്ള അന്വേഷണം എത്തിനിന്നതു പുന്നയൂർക്കുളത്താണ്. ബീഗിൾ കുലമഹിമയും ഇണപ്പൊരുത്തവും ഒത്ത ഒന്നരവയസ്സുകാരി ജാൻവിയെ ഇവർ കണ്ടെത്തി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ചെക്കനും പെണ്ണും ഇഷ്ടത്തിലായതോടെ വിവാഹം ഉറച്ചു. ഉത്തമകാലം കണക്കിലെടുത്താണു വിവാഹം കന്നിമാസം വരെ നീട്ടിയത്. സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടും പ്രീവെഡിങ് വിഡിയോയും ‘കോസ്റ്റ്യൂം’ തിരഞ്ഞെടുപ്പുമൊക്കെയായി ഒരുമാസം മുൻപേ ഒരുക്കം ഉഷാറായിരുന്നു.

‘പ്രായം തികഞ്ഞ ഞാനിവിടെ അവിവാഹിതനായി നിൽ‌ക്കുമ്പോഴാ നായയുടെ കല്യാണം’ എന്ന ഡയലോഗുമായി ഷെല്ലിയുടെ മക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ആക്സിഡിന്റെ ‘സേവ് ദ് ഡേറ്റ്’ വിഡിയോയും ചർച്ചയായി. പൂമാലകൾ നിറഞ്ഞ കതിർമണ്ഡപത്തിലാണ് ഇന്നു വിവാഹം. ഇരുവരുടെയും കഴുത്തിൽ ഹാരം അണിയിക്കും. ആക്സിഡിനു സിൽക്ക് ഷർട്ടും മുണ്ടുമാണു വേഷം.

ജാൻവിക്കു കസവിൽ നെയ്ത പട്ടുപാവാടയും. ചടങ്ങിൽ വധൂവരന്മാരുടെ ആളുകളായി 50 പേർക്കു ക്ഷണമുണ്ട്. നവദമ്പതികളുടെ ഇഷ്ടം കൂടി കണക്കിലെടുത്തു ചിക്കൻ ബിരിയാണിയും ഫ്രൈയും ഒരുക്കുന്നുണ്ട്. ഭക്ഷണത്തിനു ശേഷം ‘വരന്റെ’ വീടായ വാടാനപ്പള്ളിയിലേക്ക് ഇരുവരും യാത്രയാകും.