‘എന്നെ തുറന്നുവിടൂ..’; കുഴിയിൽ വച്ച പെട്ടിയിൽ നിന്നും ശബ്ദം; അമ്പരന്ന് ബന്ധുക്കൾ; വിഡിയോ

‘ഹലോ, എന്നെ തുറന്നു വിടൂ..’ പള്ളിയിലെ സംസ്കാര ചടങ്ങുകൾക്കിടെ കുഴിയിലേക്ക് വച്ച പെട്ടിയിൽ നിന്നും കേട്ട വാക്കുകളിങ്ങനെയാണ്. കൂടിനിന്നവർ ആദ്യം ഒന്ന് അമ്പരന്നു. പിന്നാലെ നിർത്താത്ത ചിരിയായിരുന്നു ചുറ്റും. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.അയർലൻഡിലെ കിൽമാനാഗിലെ ഒരു പള്ളിയിൽ ഐറിഷ് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥനായിരുന്ന ഷായ് ബ്രാഡ്‌ലിയുടെ സംസ്കാര ചടങ്ങുകൾ നടക്കുമ്പോഴാണ് ഈ സംഭവങ്ങൾ. 

‘ഞാനെവിടെയാണ്? എന്നെ പുറത്തിറക്കൂ, ഇവിടെയാകെ ഇരുട്ടാണ്. പുരോഹിതന് ഞാൻ പറയുന്നത് കേൾക്കാമോ? ഞാൻ ഷായ്‌യാണ്. ഞാനീ പെട്ടിയിലുണ്ട്. ഞാൻ മരിച്ചു’ ഒപ്പം ശവപ്പെട്ടിയിൽ തട്ടുന്ന ശബ്ദവും. അവസാനം ‘ഞാൻ നിങ്ങളോട് യാത്ര പറയാൻ വന്നതാണ്’ എന്നു പറഞ്ഞ് ഇൗ ശബ്ദം നിലച്ചു.  തന്നെ മറ്റുള്ളവർ ചിരിയോടെ യാത്രയാക്കണമെന്ന ഷായ്​യുടെ മോഹമാണ് ഇത്തരം ഒരു വേറിട്ട ചിന്തയ്ക്ക് കാരണം.

ഒക്ടോബർ 8ന് ആണ് ഷായ് മരിക്കുന്നത്. രോഗബാധിതനായി കിടപ്പിലായിരുന്നു. താൻ ലോകത്തിൽ നിന്നു വിടപറയുമ്പോൾ ആളുകൾ ചിരിച്ചു കൊണ്ട് യാത്രയാക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നതായി ഷായ്‌യുടെ മകൾ മെട്രോ ന്യൂസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന്  അദ്ദേഹത്തിന്റെ ശബ്ദം റെക്കോർഡ് ചെയ്ത മകൾ അത് ശവപ്പെട്ടിയിൽ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്തു. വിഡിയോ കാണാം.