വയസൊരു സംഖ്യമാത്രം; 95 ാംവയസിലും വാച്ച് റിപ്പയറിങ്ങും കച്ചവടവുമായി ഹസ്സന്‍കുട്ടി

തൊണ്ണൂറ്റിയഞ്ചാം വയസിലും വാച്ച് റിപ്പയറിങ്ങും കച്ചവടവുമായി ജീവിതം മുന്നോട്ട‌ു കൊണ്ടുപോകുന്ന ഹസ്സന്‍കുട്ടിയെ പരിചയപ്പെടാം. പൊന്നാനിയിലെ പഴയ അങ്ങാടിയില്‍ ഇന്നും തന്റെ വാച്ച് കമ്പനി തുറന്നിരിക്കുന്ന ഹസ്സനിക്ക നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയാണ്. 

1939ല്‍ നടന്ന ബീഡിസമരത്തില്‍ പങ്കെടുത്ത പതിനഞ്ചുവയസുകാരന്റെ വീര്യം ഇന്നും ഹസ്സനിക്കയില്‍ കെടാതെ ബാക്കിയുണ്ട്. ആ ഊര്‍ജമാണ് തൊണ്ണൂറ്റിയഞ്ചാം വയസിലും സ്വന്തമായുള്ള വാച്ച് കട മുന്നോട്ട് കൊണ്ടുപോകാന്‍ ഹസ്സനിക്കയെ പ്രേരിപ്പിക്കുന്നത്. ദിവസവും അതിരാവിലെ കട തുറക്കും, വൈകീട്ട് എഴ് മണിവരെ ഹസ്സനിക്ക കടയില്‍ കാണും. പഴയ പ്രതാപമില്ലെങ്കിലും , ഇന്നും പൊന്നാനിക്കാര്‍ വാച്ചുകളും റേഡിയോകളുമായി ഹസ്സനിക്കയെ അന്വേഷിച്ചെത്താറുണ്ട്.  

സൂര്യനെ നോക്കിയും ബാങ്കു വിളികേട്ടും സമയം കണക്കാക്കിയിരുന്ന കാലത്ത് വാച്ച് റിപ്പയറിങ്ങും കച്ചവടവുമായി പൊന്നാനിയിലേക്കെത്തിയതായിരുന്നു ഹസ്സന്‍കുട്ടി. പിന്നീടങ്ങോട്ട് പൊന്നാനിക്കാരുടെ സമയം ശരിയാക്കിയത് ഇദ്ദേഹമായിരുന്നു.

വെളിയത്തേയില്‍ ഹസ്സന്‍കുട്ടി അങ്ങനെ പൊന്നാനിക്കാരുടെ വാച്ച് മേക്കര്‍ ഹസ്സനിക്കയായി മാറി. തൊണ്ണൂറ്റിയഞ്ചാം വയസ്സിലും വാച്ച് റിപ്പയര്‍ ചെയ്യുന്ന ഹസ്സനിക്കയ്ക്കുമുന്നില്‍ കാലവും സമയവും തോറ്റുപോവുകയാണ്.