കുഞ്ഞുമകനെ ചേർത്തുകെട്ടി യുവതി പുഴയിൽ ചാടി; സാഹസികമായി രക്ഷപെടുത്തി യുവാക്കൾ

അഞ്ച് വയസ്സായ മകനെ ശരീരത്തോടു ചേർത്ത് കെട്ടി വച്ചു യുവതി കരമന ആറിൽ ചാടി. നിറഞ്ഞൊഴുകിയ പുഴയിൽ നിന്നും ഇരുവരെയും ആറു യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിളപ്പിൽശാല സ്വദേശിനിയായ 25 വയസ്സുള്ള യുവതിയും മകനും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കരമന ആറ്റിലെ തീരത്തുള്ള മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. പമ്പ് ഹൗസ് ജീവനക്കാരായ മംഗൽ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂർക്കൽ പെരുകാവ് സ്വദേശി അനിക്കുട്ടൻ,

സജി, പ്രവീൺ, അഭിലാഷ് എന്നിവരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കുട്ടി ആറ്റിലൂടെ കൈകാലുകൾ അടിച്ച് ഒഴുകി വരുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അനിക്കുട്ടൻ ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. നീന്തി കുട്ടിയുടെ അടുത്ത് എത്തിയപ്പോഴാണു യുവതിയും കൂടെ ഉള്ളത് അറിയുന്നത്. ഇരുവരെയും ഒരുമിച്ച് കരയ്ക്കെത്തിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ യുവതി ശരീരത്തോടു ചേർത്ത് തുണി കൊണ്ട് കെട്ടിയിരുന്ന കുട്ടിയെ വേർപ്പെടുത്താൻ വെള്ളത്തിൽ വച്ചു തന്നെ ശ്രമം നടത്തി. ശക്തമായ ഒഴുക്കിൽ സാഹസികമായിരുന്നു രക്ഷപ്പെടുത്തൽ.

പിന്നാലെ സജിയും മംഗൽ പ്രിയനും സജിത്തും അഭിലാഷും നീന്തി എത്തി. ആദ്യം കുട്ടിയെ കരയ്ക്കു എത്തിച്ചു. പിന്നാലെ യുവതിയെയും രക്ഷപ്പെടുത്തി. നീന്തൽ അറിയാതെ കരയിൽ നിന്ന പ്രവീൺ ഇതിനിടെ മലയിൻകീഴ് പൊലീസിനെയും ആംബുലൻസിനെയും വിവരം അറിയിച്ചു. കരയ്ക്കു കൊണ്ടു വരുമ്പോൾ കുട്ടിക്ക് ബോധം ഉണ്ടായിരുന്നു. എന്നാൽ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷമാണ് യുവതിക്കു ബോധം വീണത്. തുടർന്നുള്ള അന്വേഷണത്തിൽ അമ്മയും മകനും ആണെന്ന് തിരിച്ചറിഞ്ഞു.

പമ്പ് ഹൗസിൽ നിന്നും ഏറെ അകലെ അല്ലാത്ത ആളൊഴിഞ്ഞ ആറാട്ടു കടവിൽ വച്ചാണ് യുവതി മകനെയും കൊണ്ടു പുഴയിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇതിനു സമീപത്തു നിന്നും യുവതിയുടെ സ്കൂട്ടർ കണ്ടെത്തി. ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കൊണ്ടാണ് യുവതി കുട്ടിയെ കെട്ടിയിരുന്നത്. മലയിൻകീഴ് പൊലീസ് ജീപ്പിൽ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു.

നിറഞ്ഞൊഴുകി പുഴ ; ജീവൻ പണയം വച്ച് അവർ പോരാടി

മലയിൻകീഴ് ∙ സ്വന്തം ജീവൻ പണയം വച്ചാണ് യുവാക്കൾ വെള്ളത്തിൽ ഇറങ്ങി യുവതിയെയും കുട്ടിയെയും രക്ഷപ്പെടുത്തിയത്. മലയോര മേഖലകളിൽ തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാൽ പേപ്പാറ ഡാം തുറന്നിരുന്നു. ഇതോടെ കരമനയാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇരു കരയിൽ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതരുടെ നിർദേശവും ഉണ്ടായിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് സുഹൃത്തുക്കളായ മംഗൽ പ്രിയൻ, സജി, അനിക്കുട്ടൻ, അഭിലാഷ്, സജിത്ത് എന്നിവർ ആറിൽ ഇറങ്ങിയത്.

പാറക്കെട്ടുകളും ശക്തമായ അടി ഒഴുക്കും അതിജീവിച്ച് ഏതൊരു സംരക്ഷണവും ഇല്ലാതെ ആണ് രക്ഷാപ്രവർത്തനം നടത്തിയത്. നീന്തൽ വശം ഉണ്ടായിരുന്നതാണ്  മുതൽക്കൂട്ട്. ഇതിൽ മംഗൽ പ്രിയനും സജിയും അനിക്കുട്ടനും പ്രവീണും മെഡിക്കൽ കോളജിൽ രക്തം ദാനം നൽകി മടങ്ങും വഴിയാണ് പമ്പ് ഹൗസിന്റെ അവിടെ ഇറങ്ങിയത്. അത് രണ്ട് ജീവൻ രക്ഷിക്കാനുള്ള നിയോഗമായിരുന്നു എന്ന് അവർ ഒരേ സ്വരത്തിൽ പറയുന്നു.