സാത്താൻ പൂജ,ദുർമന്ത്രവാദം, അശ്ലീല വിഡിയോ, ക്വട്ടേഷൻ..: ഇന്റർനെറ്റിലെ അധോലോകം

കൊച്ചി: ഇന്റർനെറ്റിലെ അധോലോകം എന്നു വിളിക്കുന്ന ഡാർക്‌വെബ് കേരളത്തിലും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കേരള പൊലീസിന്റെ സൈബർ വിഭാഗം കണ്ടെത്തി. ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നിവയിൽ ഡാർക്‌വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വർധിക്കുന്നതായാണു കണ്ടെത്തിയത്.

ലക്ഷക്കണക്കിനു മലയാളികളുടെ ബാങ്ക് അക്കൗണ്ട്  വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളും  ഡാർക്‌വെബ്ബിലെ സൈറ്റുകളിൽ വിൽപനയ്ക്കു വച്ചിട്ടുണ്ട്. ഇതിൽ സഹകരണ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളുമുണ്ട്. 5 മുതൽ 30 വരെ യുഎസ് ഡോളർ ആണ് ഓരോ അക്കൗണ്ടിനും വിലയിട്ടിരിക്കുന്നത്.  ഒടിപി (വൺടൈം പാസ് വേഡ്) കൂടി ലഭിച്ചാൽ തട്ടിപ്പുകാർക്ക് ഇടപാടു നടത്താൻ കഴിയുമെന്നു പൊലീസ്  മുന്നറിയിപ്പു നൽകുന്നു.

മലയാളികൾ വ്യാപകമായി ഇന്റർനെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നവരാണെന്നതും തട്ടിപ്പിനുള്ള സാധ്യത വർധിപ്പിക്കുന്നു. കൊച്ചി സൈബർ പൊലീസ് സ്റ്റേഷൻ അടുത്തിടെ പ്രതികളെ പിടികൂടിയ ഒരു ഓൺലൈൻ ബാങ്കിങ് തട്ടിപ്പു കേസിൽ, അക്കൗണ്ട് വിവരങ്ങൾ ചോർന്നതു ഡാർക്‌വെബ് വഴിയാണ്. ഡാർക് വെബ് വഴി ലഹരിമരുന്നു കടത്തിയ 3 കേസുകൾ ഇതിനകം സംസ്ഥാനത്തു കണ്ടെത്തിയതായി എഡിജിപി മനോജ് ഏബ്രഹാം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

രാസലഹരിമരുന്നു കടത്തു വ്യാപകമായതിനു പുറകിലും ഡാർക്‌വെബ് ആണെന്നും  സൈബർ വിഭാഗത്തിനു തെളിവു ലഭിച്ചിട്ടുണ്ട്. ഡാർക്‌വെബ് വഴി വിദേശത്തുനിന്ന് എംഡിഎംഎ (മെതിലിൻഡയോക്സി മെതാംഫിറ്റമിൻ) വരുത്തിയതായി, എറണാകുളം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായ പ്രതി മൊഴി നൽകിയിരുന്നു. പക്ഷേ, ഇതിനു പിന്നാലെ പോകാനുള്ള സാങ്കേതിക  ബുദ്ധിമുട്ടുകളും നിയമപ്രശ്നങ്ങളും പരിഗണിച്ച് എക്സൈസ്  മൊഴി രേഖപ്പെടുത്തിയില്ല.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സൈറ്റുകൾ കേരളത്തിൽ വർധിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇവയെപ്പറ്റിയുള്ള അന്വേഷണവും ഡാർക്‌വെബ്ബിലാണെത്തി നിൽക്കുന്നത്. വന്യജീവികൾ, വിഗ്രഹങ്ങൾ, പുരാവസ്തുക്കൾ, ചന്ദനം തുടങ്ങിയവ വിൽക്കാൻ മലയാളികൾ  ഡാർക്‌വെബ്ബിനെ ആശ്രയിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഡാർക്‌വെബ്

ഡാർക്‌വെബ് അഥവാ ഇന്റർനെറ്റിലെ അധോലോകം. നമുക്കു പരിചയമുള്ള, ഗൂഗിൾ അടക്കമുള്ള ബ്രൗസറുകളുപയോഗിച്ചു കാര്യങ്ങൾ തിരയാവുന്ന ഇന്റർനെറ്റിന് അപ്പുറത്തുള്ളതാണു ഡാർക്‌വെബ്. നമുക്കു പരിചിതമായ ഇന്റർനെറ്റ് മഞ്ഞുമലയുടെ തുമ്പു മാത്രമാണെന്നും ഡീപ്‌വെബ്ബും ഡാർക്‌വെബ്ബും മഞ്ഞുമലയാണെന്നും വിദഗ്ധർ. കള്ളനോട്ട്, ലഹരിക്കടത്ത്, ബാങ്കിങ് തട്ടിപ്പ്, ഹാക്കിങ്, ആയുധ വിൽപന, കള്ളക്കടത്ത്, ഭീകരപ്രവർത്തനം, സാത്താൻ പൂജ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല വിഡിയോ, ദുർമന്ത്രവാദം, കൊലപാതക ക്വട്ടേഷൻ തുടങ്ങി ‘ഡാർക് വെബി’ലൂടെ എന്തും ചെയ്യാം. ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ കറൻസിയിലാണ് ഇടപാടുകൾ. ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകാർ, ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ പണം കൊടുത്തു വാങ്ങുന്നതു ഡാർക്‌വെബ്ബിൽ നിന്നാണ്. 

ലഹരിക്കടത്തിലും ഡാർക്‌െവബ്

ഡാർക്‌വെബ് വഴി കേരളത്തിലേക്കുള്ള ലഹരിക്കടത്തു വർധിക്കുകയാണെന്നു വിവിധ അന്വേഷണ ഏജൻസികൾ. വിദേശ രാജ്യങ്ങളിൽ ലഭിക്കുന്ന എല്ലാ ലഹരിമരുന്നുകളും കേരളത്തിലും എത്തുന്നതായി സംശയിക്കണമെന്നു സൈബർ വിദഗ്ധരും നർക്കോടിക്സ് കൺട്രോൾ ബ്യൂറോ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും പറയുന്നു.  വിവിധ ചേരുവകളിലും ബ്രാൻഡുകളിലുമായി 28,000ൽ പരം ലഹരിമരുന്നുകളാണു ഡാർക്‌വെബ്ബിൽ മറയില്ലാതെ വിൽപനയ്ക്കു വച്ചിരിക്കുന്നത്.

പ്രത്യേകതകൾ, റേറ്റിങ്, ഉപയോക്താക്കളുടെ അനുഭവ വിവരണം തുടങ്ങിയവയെല്ലാം അതിനു താഴെയുണ്ട്. നമുക്കു പരിചിതമായ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ അതേ മാതൃകയിലാണിത്. കേരളത്തിലേക്ക് 1500ൽ പരം വ്യത്യസ്ത ലഹരിമരുന്നുകളെത്തുന്നതായും ഇതിൽ 99 ശതമാനവും രാസലഹരിമരുന്നുകളാണെന്നും എക്സൈസും പൊലീസും കണ്ടെത്തിയിട്ടുണ്ട്. ഇവയെല്ലാം മാരകവും ശാരീരിക, മാനസിക അടിമത്തവുമുണ്ടാക്കുന്നവയുമാണ്. ഒറ്റനോട്ടത്തിൽ വിദഗ്ധർക്കു പോലും തിരിച്ചറിയാൻ കഴിയില്ല.

കണ്ടെത്തൽ എളുപ്പമല്ല

ഡാർക്‌വെബ്ബിലെ സൈറ്റ് ഉടമകളെയും ഇടപാടുകാരെയും പിടികൂടുക എളുപ്പമല്ല. ഇവർ വ്യത്യസ്ത ബ്രൗസറാണുപയോഗിക്കുന്നത്. സൈറ്റുകൾ ഏതു രാജ്യത്താണു ഹോസ്റ്റ് ചെയ്തിരിക്കുന്നതെന്നു കണ്ടെത്തുക ദുഷ്കരം. സൈറ്റിലേക്കുള്ള വഴി പല രാജ്യങ്ങളുടെ നെറ്റ്‌വർക്കുകളിലൂടെയായിരിക്കും. ഇടപാടുകൾ ഡിജിറ്റിൽ കറൻസി വഴി ആയതിനാൽ യഥാർഥ വ്യക്തികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.

എങ്കിലും യുഎസിലെയും യൂറോപ്പിലെയുമൊക്കെ അന്വേഷണ ഏജൻസികൾ ഡാർക്‌വെബ്ബിലെ ലഹരിമരുന്നു സൈറ്റുകൾ പൂട്ടിക്കുകയും യഥാർഥ ഉടമകളെ കണ്ടെത്തി തടവിലാക്കുകയും ചെയ്തിട്ടുണ്ട്. സൈറ്റ് ഹാക്ക് ചെയ്തു പൂട്ടിക്കുകയാണു മറ്റൊരു രീതി. പക്ഷേ, ഒന്നു പൂട്ടിയാൽ പത്തെണ്ണം എന്ന നിലയിലാണ് ഇത്തരം സൈറ്റുകൾ പൊട്ടിമുളയ്ക്കുന്നതെന്ന്് അന്വേഷണ ഏജൻസികൾ സമ്മതിക്കുന്നു. 

പൊലീസ് നൽകുന്ന സുരക്ഷാ നിർദേശങ്ങൾ

∙ പൊതുഇടങ്ങളിൽ സൗജന്യമായി ലഭിക്കുന്ന വൈഫൈ സേവനം കരുതലോടെ മാത്രം ഉപയോഗിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ, വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ)    മാത്രം ഉപയോഗിക്കുക. 

∙ പാസ്‌വേഡുകൾ ഇടയ്ക്കിടെ മാറ്റുക.

∙ ഒരേ പാസ്‌വേഡ് ഒന്നിലേറെ അക്കൗണ്ടുകൾക്ക് ഉപയോഗിക്കരുത്.

∙ നീണ്ടതും പ്രയാസമുള്ളതുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.

∙ സോഫ്റ്റ് വെയറുകളും ആപ്പുകളും യഥാസമയം പുതുക്കുക.

∙ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

∙ പരിചയമില്ലാത്ത ഇ–മെയിലുകളിലെ ലിങ്കുകൾ തുറക്കരുത്.

∙ വെബ് മേൽവിലാസത്തിന്റെ  തുടക്കത്തിൽ HTTPS ഉണ്ടെങ്കിൽ സൈറ്റ് സുരക്ഷിതമാണെന്നു കരുതാം.

∙ ഡാർക്‌വെബിൽ ഒരിക്കലും കയറാതിരിക്കാൻ യുവാക്കളും കൗമാരക്കാരും ശ്രദ്ധിക്കുക.

∙ യുവാക്കളും കൗമാരക്കാരും കംപ്യൂട്ടർ ഉപയോഗിക്കുന്നതു രക്ഷിതാക്കൾ കർശന നിരീക്ഷണത്തിനു വിധേയമാക്കുക.

∙ പരിചിതമല്ലാത്ത സൈറ്റുകൾ ഉപയോഗിക്കുന്നതു ശ്രദ്ധയിൽ പെട്ടാൽ, കംപ്യൂട്ടറുകൾ ഏതെങ്കിലും വിദഗ്ധരെക്കൊണ്ടു പരിശോധിപ്പിക്കുക. 

∙ വ്യക്തിപരമായ ആവശ്യങ്ങൾക്കും ഓഫിസ് ഉപയോഗത്തിനും വെവ്വേറെ ഫോണുകളും കംപ്യൂട്ടറുകളും ഉപയോഗിക്കുക. ഓഫിസ്– സ്വകാര്യ ആവശ്യങ്ങൾക്കു വെവ്വേറെ ഇ– മെയിൽ ഐഡികളുണ്ടാക്കുക.

∙ ഫോണിലും കംപ്യൂട്ടറിലും ഡിഫോൾട് സെറ്റിങ്സ് മാറ്റി, പഴ്സണൽ സെറ്റിങ്സ് ചെയ്യുക.

'ലക്ഷക്കണക്കിനു മലയാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർന്നതു ഗുരുതരമാണ്. ഇവ തീരെ സുരക്ഷിതമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. ഏതു നിമിഷവും അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടേക്കാം. സുരക്ഷ ശക്തമാക്കണമെന്നു റിസർവ് ബാങ്കിനോടും ബാങ്കുകളോടും  ആവശ്യപ്പെട്ടിരുന്നു. ഡാർക്‌വെബ് ഉയർത്തുന്ന സുരക്ഷാ പ്രശ്നങ്ങൾ,  കൊച്ചിയിൽ കേരള പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്ന രാജ്യാന്തര സൈബർ സുരക്ഷാ സമ്മേളനമായ 'കൊക്കൂണി’ലെ മുഖ്യ ചർച്ചാ വിഷയമാണ്. '- മനോജ് ഏബ്രഹാം (സൈബർ ഡോമിന്റെ ചുമതലയുള്ള ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി)