ജനിക്കാൻ പോകുന്ന കുഞ്ഞിന് വേണ്ടി കാല് മുറിച്ചു മാറ്റി ഒരമ്മ

ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനു വേണ്ടി സ്വന്തം കാല് മുറിച്ചു മാറ്റി ഒരമ്മ. യുഎസിലെ ടെക്സസ് സ്വദേശി കെയ്റ്റ്ലിന്‍ കോണര്‍ എന്ന 29കാരിയാണ് കുഞ്ഞിനു വേണ്ടി കാൽ വേണ്ടെന്നു വച്ചത്. 2014 ജൂണ്‍ 12ന് കാമുകനുമായി ഒരു ബൈക്ക് റൈഡിന് പോകുമ്പോൾ, ഒരു കാർ ഇവരുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം ഉണ്ടാകുകയായിരുന്നു. കാമുകന് കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും കെയറ്റ്ലിന്റെ ഇടതു കാലിന് കാര്യമായ പരിക്കുകൾ സംഭവിച്ചു. ആശുപത്രിയിലെത്തിയ കെയ്റ്റ്‍ലിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചു.

ഇതിനിടയിലാണ് താന്‍ നാല് ആഴ്ച ഗര്‍ഭിണിയാണെന്ന സത്യം കെയറ്റ്ലിൻ തിരിച്ചറിഞ്ഞത്. എന്നാല്‍ വയറ്റില്‍ വളരുന്ന കുഞ്ഞിന്‍റെ ജീവന് ശസ്ത്രക്രിയ  അപകടമാണെന്ന് കേട്ടപ്പോള്‍ കെയറ്റ്ലിന്‍ കാലുതന്നെ മുറിച്ചു മാറ്റാനുള്ള ആ തീരുമാനം എടുക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ തന്‍റെ കുഞ്ഞിന്‍റെ ജീവനുവേണ്ടിയാണ് കാല് മുറിച്ചുമാറ്റാനുളള തീരുമാനം കെയ്റ്റ്‌ലിൻ എടുത്തത്.

കുഞ്ഞിന്റെ ജീവൻ അപകടത്തിലാകാത്ത വിധം അനസ്തീസിയ നൽകി ആറ് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും അത് പൂർണമായും വിജയകരമാകാത്തതിനാലാണ് കാല് മുറിച്ചുമാറ്റാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ ബാധിക്കാതിരിക്കാൻ, ആ സമയങ്ങളില്‍ സ്ട്രെസ് പരമാവധി നിയന്ത്രിക്കാന്‍ താൻ ശ്രമിച്ചെന്നും അവർ പറയുന്നു. 2015 ഫ്രെബുവരി 13ന് കെയ്റ്റ്ലിന്‍ ഒരു പെൺകുഞ്ഞിനു ജൻമം നൽകി.

കുഞ്ഞ് ജനിക്കുന്നതിനു മുന്നേതന്നെ കൃത്രിമ കാലിൽ നടക്കാനും കെയ്റ്റ്ലിന്‍ പഠിച്ചു. കൂടാതെ തന്റെ ഇഷ്ടങ്ങളായ പാര സൈക്‌ളിങ്, നീന്തല്‍ എന്നിവയും പരിശീലിച്ചു. നാലു വയസ്സുള്ള മകളോടൊപ്പം ഓടിച്ചാടി നടക്കുന്ന കെയ്റ്റ്ലിന്‍ ഇപ്പോള്‍ പാരാസൈക്‌ളിങ് ചെയ്യുന്നുമുണ്ട്.