ഗതാഗത നിയമലംഘനത്തിന് പിഴ; ഹെൽമെറ്റ് വലിച്ചെറിഞ്ഞു; ആത്മഹത്യാഭീഷണി; പൊട്ടിക്കരച്ചിൽ

ഗതാഗത നിയമം ലംഘിച്ചതിന് പിഴയിട്ടു, യുവതി നടുറോഡിൽ ആത്മഹത്യാഭീഷണി മുഴക്കി. ഡൽഹിയിലാണ് സംഭവം.ഇരുചക്ര വാഹനം ഓടിക്കുന്നതിന്റെ ഇടയ്ക്ക് ഫോണിൽ സംസാരിച്ചതിനാണ് യുവതിയെ ട്രാഫിക്ക് പൊലീസ് പിടികൂടിയത്.  ഇവരുടെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റിനും തകരാറുണ്ടായിരുന്നു. പിഴ ഈടാക്കരുതെന്ന് ഇവർ പൊലീസിനോട് അഭ്യർഥിച്ചെങ്കിലും രസീത് എഴുതി നൽകി.

ഇതോടെ ഇവരുടെ മട്ട് മാറി. പൊലീസിന് നേരെ ആക്രോശിച്ച യുവതി ഹെൽമെറ്റ് റോഡിലേക്ക് വലിച്ചെറിഞ്ഞ് കരയാൻ തുടങ്ങി. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി. ആത്മഹത്യ ചെയ്താൽ ഉത്തരവാദികൾ പിഴയീടാക്കിയ പൊലീസുകാർ ആയിരിക്കുമെന്നും ഇവർ പറഞ്ഞു.

നടുറോഡിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയതോടെ ഗതാഗതവും സ്തംഭിച്ചു. 20 മിനിറ്റോളം വാക്ക് തർക്കം തുടർന്നു. ഇവർക്ക് ചുറ്റും വഴിയാത്രക്കാരും കൂടിയതോടെ യുവതിയുടെ മേൽവിലാസം എഴുതി വാങ്ങിയ പൊലീസുകാർ ഇവരോട് നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ പറഞ്ഞ് വിട്ടയച്ചു.