ഭർത്താവ് ഐബിയിലേക്ക്; ഐആർ ബറ്റാലിയനെ ഇനി ഭാര്യ നയിക്കും

ഇന്ത്യ റിസർവ് ബറ്റാലിയന്റെ ഭരണസാരഥ്യം ഭർത്താവിൽ നിന്നു ഭാര്യ ഏറ്റെടുക്കുന്ന അപൂർവ കാഴ്ചയ്ക്ക് പൊലീസ് വകുപ്പ് സാക്ഷിയായി. ഐആർ ബറ്റാലിയൻ കമൻഡാന്റ് സ്ഥാനം വഹിച്ചിരുന്ന ദേബേഷ് കുമാർ ബെഹ്റ ഇന്റലിജൻസ് ബ്യൂറോയിൽ ജോയിന്റ് ഡപ്യൂട്ടി ഡയറക്ടറായി കേന്ദ്ര ഡപ്യൂട്ടേഷനിൽ പോയതോടെയാണ് അപൂർവ ചുമതല മാറ്റമുണ്ടായത്. ദേബേഷ് കുമാർ ബെഹ്റയുടെ ഭാര്യയും പൊലീസ് അക്കാദമി അസി. ഡയറക്ടറുമായ ഉമ ബെഹ്റയാണ്  ഭർത്താവിൽ നിന്ന് ബറ്റാലിയന്റെ ചുമതല ഏറ്റെടുത്തത്.

പാലക്കാട്, മലപ്പുറം, തൃശൂർ, കൊല്ലം ജില്ലകളിൽ പൊലീസ് മേധാവി സ്ഥാനം വഹിച്ചിട്ടുള്ളയാളാണ് ദേബേഷ് കുമാർ ബെഹ്റ. കുറ്റാന്വേഷണ മികവാണ് കേന്ദ്ര ഡപ്യൂട്ടേഷനിൽ ഐബിയിലേക്കു ചേക്കേറാൻ ദേബേഷ് കുമാറിനു തുണയായത്. നേരത്തെ ആന്റി നക്സൽ സ്ക്വാഡ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയുടെ ഏകോപന ചുമതല  വഹിച്ചിട്ടുണ്ട്. ഐആർ ബറ്റാലിയന്റെ കമൻഡാന്റ് ചുമതല മുൻപും ഏറ്റെടുത്തിട്ടുള്ളയാളാണ് ഉമ ബെഹ്റ. കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പൊലീസ് മേധാവി സ്ഥാനം വഹിച്ചിട്ടുണ്ട്.