രാത്രി ഓട്ടോയുമായി ഇറങ്ങുന്ന അധ്യാപകൻ; സുരേഷ് ഇങ്ങനെയാകാൻ കാരണമുണ്ട്

കുറ്റിക്കോലിൽ ഏറെ വൈകിയെത്തുന്ന യാത്രക്കാർക്ക് തുണയായി ഒരു അധ്യാപകൻ.  ചുവന്ന മാജിക് ഐറിസുമായി ഡ്രൈവർ കാത്തു കിടക്കുന്നുണ്ടാകും അവിടെ. ആ വാഹനത്തിനടുത്ത് ഓട്ടം കാത്തിരിക്കുന്ന ഡ്രൈവർ നാട്ടുകാർക്ക് സുപരിചിതനായ ഒരു അധ്യാപകനാണ്. ജിവിഎച്ച്എസ്‌എസ്‌ കാറഡുക്കയിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപകനായ കളക്കര സ്വദേശി സുരേഷ്കുമാറാണു രാത്രി കാലങ്ങളിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ വിധത്തിൽ പ്രവർത്തിക്കുന്നത്.

കുറ്റിക്കോൽ ഓട്ടോ സ്റ്റാൻഡിൽ 50 ൽ ഏറെ ഓട്ടോകൾ ഉണ്ടെങ്കിലും വൈകിട്ട് ഏഴ് മണിയോടെ മിക്ക വണ്ടികളും ഓട്ടം നിർത്തും പിന്നെ അവശേഷിക്കുന്നതു വിരലിലെണ്ണാവുന്ന ഓട്ടോകൾ മാത്രം. വൈകിട്ട് ഏഴ് മണിക്ക് ശേഷം എത്തുന്ന ബസ് യാത്രക്കാർക്ക് കാൽനട യാത്ര മാത്രം ആണ് ആശ്രയം. ഒരുപാട് നാളുകളായി കുറ്റിക്കോലിൽ എത്തുന്ന യാത്രക്കാർ അനുഭവിക്കുന്ന യാത്രാ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഇങ്ങനെ ഒരു ആശയത്തിന് തുടക്കം കുറിച്ചത്. നാലു മണിക്ക് സ്കൂൾ വിടുമ്പോൾ ഓട്ടോയും ആയി കുറ്റിക്കോൽ ടൗണിലെത്തുന്ന സുരേഷ് എത്ര വൈകിയാലും മുഴുവൻ യാത്രക്കാരെയും വീട്ടിലെത്തിച്ച ശേഷമാണ് വീട്ടിലേക്ക് തിരിച്ചു പോകുന്നത്.

ഹൊസ്ദുർഗ്, കാസർകോഡ്, ബേക്കൽ, കുമ്പള ഉപജില്ലകളിൽ ആയി 25 സ്കൂളുകളിൽ 10 വർഷം കൊണ്ട് താൽക്കാലിക അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. കൂടാതെ കലോത്സവ നാടകരചന, സംവിധാനം,അഭിനയം, ചിത്രരചന എന്നിവയിലും മികവു പുലർത്തിയിട്ടുണ്ട്. കലോത്സവ നാടകങ്ങൾക്ക് കുട്ടികൾക്കു പരിശീലനം നൽകി വരുന്നു. ആദിവാസി യുവാവായ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു ബന്തടുക്കയിൽ നടന്ന ഫ്ലാഷ്‌മോബിൽ വിജയൻ ശങ്കരമ്പാടിക്കൊപ്പം ചേർന്ന് അഭിനയിച്ചിരുന്നു. വിവിധ പിഎസ്‌സി ലിസ്റ്റുകളിൽ ഇടം നേടിയിട്ടുള്ള സുരേഷ് ഇംഗ്ലിഷ് ഭാഷയിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. അധ്യാപികയായ ദീപ്തിയാണു ഭാര്യ. സദയ്, സന, സനയ് എന്നീ മുന്ന് മക്കളുമുണ്ട്.