പാര്‍ട്ടിയോട് പറയാതെ മൂകാംബികയ്ക്ക് പോയി; സസ്പെന്‍ഷന്‍: സിപിഎം നേതാവിന് പറയാനുള്ളത്

അനുമതി വാങ്ങാതെ ക്ഷേത്രദർശനത്തിനു പോയതിന് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. തിരുവനന്തപുരം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബേബിയെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് ഏരിയാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്. പാര്‍ട്ടിയെ അറിയിക്കാതെ മുംകാംബിക ക്ഷേത്രത്തില്‍ പോയതിനാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ മാസം 27നാണ് ബേബിയും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് മൂകാംബികയില്‍ പോയത്. തിരിച്ചുവന്നപ്പോള്‍ പാര്‍ട്ടി മീറ്റിങ്ങില്‍ ഇത് വിഷയമായി. സംഭവത്തെക്കുറിച്ച് ബേബി മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞതിങ്ങനെ:

പാര്‍ട്ടി വിശ്വാസത്തിന് എതിരല്ല. ക്ഷേത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അതാകാം, പള്ളിയില്‍ പോകുന്നവര്‍ക്ക് അവരുടെ വിശ്വാസവും പിന്‍തുടരാം. ഞാന്‍ വിശ്വാസിയായതല്ല പാര്‍ട്ടിക്ക് പ്രശ്നമായത്. പറയാതെ പോയതാണ്. കുറച്ചുദിവസം മാറിനില്‍ക്കുമെന്ന് മുതിര്‍ന്ന സഖാവിനോട് പറ‍ഞ്ഞിരുന്നു. എന്നാല്‍ എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ല. എന്നാല്‍ മൂകാംബികയ്ക്ക് വന്ന സഹയാത്രികര്‍ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പാര്‍ട്ടിയില്‍ ഒരു പദവി വഹിക്കുന്നയാള്‍ ഉത്തരവാദിത്തമില്ലാതെ പോയത് പാര്‍ട്ടിക്ക് ഇഷ്ടപ്പെട്ടില്ല. 

കഴിഞ്ഞയാഴ്ച ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിൽ ഈ സംഭവം ചർച്ചയായി. ഇതേ തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റിയില്‍ വാക്കേറ്റമുണ്ടായി. ഞാന്‍ ഹിന്ദുവിശ്വാസിയാണ്. അമ്പലത്തില്‍ പോകാറുണ്ട്. 28 വര്‍ഷമായി ശബരിമലയിലും പോകാറുണ്ട്. പാര്‍ട്ടി ഇത്തരം ആരാധനാസ്വാതന്ത്ര്യങ്ങളെ വിലക്കാറില്ല.  എന്നാല്‍ ഇതൊന്നും സസ്പെന്‍ഡ് ചെയ്യാന്‍ തക്ക കാരണമല്ല. ഇതിനെതിരെ ഞാന്‍ മേല്‍ക്കമ്മറ്റിയില്‍ പരാതി നല്‍കുന്നുണ്ട്.  – ബേബി പറഞ്ഞു.

മാറിനിന്ന സമയത്ത് ചില വിദ്യാഭ്യാസ ആവശ്യങ്ങൾക്കു പാർട്ടിയുടെ കത്തു വാങ്ങാനെത്തിയവർ ബേബിയെ കാണാതെ വലഞ്ഞു. കാര്യം തിരക്കിയ നേതാക്കന്മാരോട് ഒരു ആവശ്യത്തിന് മാറി നില്‍ക്കുകയാണെന്നാണ് ബേബി പറഞ്ഞത്. മൂകാംബിക ദര്‍ശനത്തിന്റെ കാര്യം ബേബി രഹസ്യമാക്കിയെങ്കിലും ഫെയ്സ്ബുക്കില്‍ പരസ്യമായി. ഇതോടെ അച്ചടക്കലംഘനത്തിനു ബേബിക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ശക്തമായി. തുടർന്ന് ഞായറാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗമാണു സസ്പെൻഡ് ചെയ്തത്.