‘എന്തുനല്ല മുഖമാ നിനക്ക്; കുറച്ച് മെലിഞ്ഞൂടേ..’; തകര്‍ത്ത ചോദ്യം: അതിജയിച്ച വിധം: കുറിപ്പ്

മെലിഞ്ഞിരിക്കുന്നതും തടിച്ചിരിക്കുന്നതും നിറം കുറഞ്ഞതും കൂടിയതുമൊക്കെ ഒരാളെ പരിഹസിക്കാനുള്ള മാർഗമായി സ്വീകരിക്കുന്ന കൂട്ടത്തോട് ചെറിയൊരു വിഭാഗമെങ്കിലും കലഹിക്കുന്ന കാലമാണ്. ഒരാളുടെ ബാഹ്യമായ രൂപത്തെയോ കാഴ്ചയെയോ ഉപയോഗിച്ച് അയാളെ മനപൂർവമോ അല്ലാതെയോ അധിക്ഷേപിക്കുന്നത് പലർക്കും രസകരമായ കാര്യമാണ്. കേൾക്കുന്നയാളുടെ മാനസികാവസ്ഥ ഒന്നും വിഷയമല്ലാതാകുന്ന കാലം. ഇത് തകർക്കുന്നത് പലരുടെയും ആത്മവിശ്വാസത്തെയാണ്. ഇപ്പോഴിതാ അങ്ങനെയുള്ളവർക്ക് പ്രചോദനമാകുന്ന കുറിപ്പാണ് ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ചിരിക്കുന്നത്. പൂജ ദിംഗ്ര എന്ന സംരംഭകയുടേതാണ് കുറിപ്പ്.

പൂജയുടെ കുറിപ്പ് വായിക്കാം: അമിതഭാരത്തോടെ വളരുന്ന കുട്ടികൾ ഒരു ഘട്ടത്തിൽ എത്തുമ്പോള്‍ സ്നേഹിക്കപ്പെടാതെ പോകുന്നു എന്ന് മനസ്സിലാക്കാൻ പറ്റും. എന്ത് നല്ല മുഖമാണ് നിനക്ക്, കുറച്ച് തടി കുറച്ചൂടെ, എന്നാലേ ആരെങ്കിലും കല്യാണം കഴിക്കൂ. ഞാൻ സ്ഥിരം കേട്ടുകൊണ്ടിരുന്നത് ഇതാണ്. എല്ലാ കുടുംബസംഗമ വേദികളിലും ഞാൻ ഇക്കാരണം കൊണ്ട് തന്നെ കരഞ്ഞിരുന്നു. പിന്നീടാണ് ഞാൻ സ്വിറ്റ്സർലന്റിലേക്ക് പോകുന്നത്. അവിടെ എത്തിയതോടെ ഞാൻ എന്നെ തന്നെ തിരിച്ചറിഞ്ഞു. അന്ന് എനിക്ക് 18 വയസ്സാണ്. കാണാനുള്ളതിനപ്പുറമുള്ള എന്നെ ഞാൻ കണ്ടു. ഞാൻ ആരാണെന്നും എന്തായിരുന്നു എന്റെ പ്രശ്നങ്ങളെന്നും മനസ്സിലാക്കി. ആരും പറ‍ഞ്ഞുതരാത്ത എന്നെ ഞാൻ  തന്നെ കണ്ടെത്തി. അന്ന് ഞാനൊരാളുമായി പ്രണയത്തിലായി. ആ മനോഹരമായ സ്നേഹബന്ധം അഞ്ചു വർഷങ്ങൾക്കുള്ളിൽ തകർന്നു. അത് അവസാനിച്ചതോടെ എന്റെ ഹൃദയം തകർന്നു. 

പിന്നീട് അതിനെ അതിജീവിക്കാനായി എന്റെ എല്ലാ ശ്രദ്ധയും ആരോഗ്യവും ജോലിക്കായി മാറ്റിവച്ചു. പിന്നീടുള്ള 9 വർഷവും എന്റെ ബിസിനസ് വളരാനായി അവിശ്വസനീയമായ വിധത്തിൽ ഞാൻ പ്രയത്നിച്ചു. ഓരോ ദിവസവും വ്യത്യസ്മായ കാര്യങ്ങൾ ചെയ്തു. ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും നിറഞ്ഞ ദിവസങ്ങളായിരുന്നു അത്. 

പക്ഷേ ആ ദിവസങ്ങളെ ഞാൻ സ്നേഹിച്ചു. ഈ ഒമ്പത് വർഷങ്ങൾ എന്നെ പഠിപ്പിച്ചത് എങ്ങനെ സ്വയം സ്നേഹിക്കാമെന്നും, സ്വന്തമായി തെറ്റുകൾ കണ്ടെത്തുകയും ക്ഷമിക്കുകയുമൊക്കെ ചെയ്യാമെന്നുമാണ്. ഞാൻ മറ്റുള്ളവരോട് വളരെ കരുണയുള്ളവളായി മാറി. കാരണം ഓരോരുത്തരും ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ ദുരിതം അനുഭവിക്കുന്നവരായിരിക്കും. ഇന്ന് ഇപ്പോൾ എനിക്ക് 32 വയസ്സായി, അവിവാഹിതയാണ്.  ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രണയ കഥ നമുക്ക് നമ്മളോട് തന്നെയുള്ളതായിരിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.