നിത അംബാനിയുടെ ബാഗിന്റെ വില 2 കോടി 60 ലക്ഷം; അമ്പരപ്പ്

നിത അംബാനിയുടെ ബാഗിന്റെ വിലയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. ഒരു ബാഗിന്റെ വില കേട്ട് ‘‘ഇത്ര വിലയുണ്ടോ’ എന്ന സംശയത്തിലാണ് ആരാധകർ. വില 2 കോടി 60 ലക്ഷം രൂപ! 

ലണ്ടനിൽ ലോകകപ്പ് മത്സരങ്ങൾ കാണാൻ നിത അംബാനിയും കരീഷ്മ കപൂറും കരീന കപൂറും എത്തിയിരുന്നു. ഇതിന്റെ ചിത്രം കരീഷ്മ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോഴാണ് നിതയുടെ കയ്യിലെ ബാഗ് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രമുഖ ബ്രാന്‍ഡായ ഹെർമിസിന്റെ ബിർകിൻ ബാഗാണ് നിത ഉപയോഗിക്കുന്നത്. ആഡംബരത്തിനു പ്രശ്സതമായ ഹെര്‍മിസ്, ഹോളിവുഡ് താരങ്ങളുടെ വിശ്വസ്ത ബ്രാൻഡാണ്. ലോകത്തെ ഏറ്റവും വില കൂടി ബാഗ് എന്ന വിശേഷണവും ബിർകിന് സ്വന്തം.

ഹിമാലയത്തിൽ കാണപ്പെടുന്ന ഒരിനം ചീങ്കണ്ണിയുടെ തോല്‍ ഉപയോഗിച്ചാണ് ബാഗ് നിർമിക്കുന്നത്. ഈ തോലിൽ നിറം നൽകുന്നത് സങ്കീർണമായ പ്രവൃത്തി ആയതിനാൽ വർഷത്തിൽ രണ്ട് ബിർകിൻ ബാഗുകളായിരിക്കും കമ്പനി നിർമിക്കുക. അതുകൊണ്ടു തന്നെ ബാഗ് സ്വന്തമാക്കാൻ ചിലപ്പോൾ വർഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ഇതുകൂടാതെ വേറെയും കടമ്പകളുണ്ട്. കമ്പനി മുന്നോട്ടു വയ്ക്കുന്ന നിർദേശങ്ങൾ പാലിക്കണം. വാങ്ങാൻ വരുന്നവർക്ക് കമ്പനിയുമായുള്ള ബന്ധവും പരിഗണിക്കും. ഓരോ വർഷവും വില കൂടികൊണ്ടിരിക്കുന്ന ബിർക്കിൻ ബാഗിന്റെ ഇപ്പോഴത്തെ വില 3,80,000 ഡോളറാണ്.

ബിർകിൻ 35 റഫ് കസേക്ക് എപ്സം മോഡല്‍ ബാഗാണ് കരീന കപൂർ ഉപയോഗിക്കുന്നത്. ദീപിക പദുകോൺ, സോനം കപൂർ എന്നിവർക്കും ബിർകിൻ ബാഗുകൾ ഉള്ളതായി റിപ്പോർട്ടുകളുണ്ട്.