അമ്മ വിവാഹമോചിത; മകന് സ്കൂളിൽ സീറ്റ് നിഷേധിച്ചു; പ്രതിഷേധം

അമ്മ വിവാഹമോചിതയായതിന്റെ പേരിൽ മകന് പ്രവേശനം നിഷേധിച്ച് സ്കൂൾ അധികാരികൾ. പ്രിൻസിപ്പളുമായി നടത്തിയ സംഭാഷണത്തിന്റെ വിഡിയോ അമ്മ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇത് വൈറലായതിനെ തുടർന്ന് കടുത്ത പ്രതിഷേധമാണ് പ്രിൻസിപ്പളിന് നേരെ ഉയരുന്നത്. മുംബൈയിലാണ് സംഭവം. സുജാത എന്ന അമ്മയ്ക്കാണ് മോശം അനുഭവം നേരിടേണ്ടി വന്നത്.

മുംബൈയിലെ പ്രശസ്തമായൊരു സ്കൂളിൽ മകനെ ചേർക്കാൻ എത്തിയതായിരുന്നു ഇവർ. മകനുമായി അധികൃതർ അഭിമുഖം നടത്തി. അച്ഛൻ എവിടെയാണെന്ന് ചോദിച്ചപ്പോൾ താൻ വിവാഹമോചിതയാണെന്നും കുഞ്ഞിനെ തനിയെ നോക്കാനുള്ള പ്രാപ്തിയുണ്ടെന്നും സുജാത അറിയിച്ചു. ഇത് കേട്ടയുടൻ പ്രിൻസിപ്പൾ സ്കൂൾ പ്രവേശനം അവസാനിച്ചതായി അറിയിച്ചു.

ഒരു സുഹൃത്ത് വഴി സത്യാവസ്ഥ അന്വേഷിച്ചപ്പോഴാണ് സുജാത വിവാഹമോചിതയായതുകൊണ്ടാണ് പ്രവേശനം നൽകാതിരുന്നതെന്ന് തെളിഞ്ഞു. ഇവർ ഇതിനെക്കുറിച്ച് പ്രിൻസിപ്പളിനോട് ചോദിച്ചപ്പോൾ കിട്ടിയത് വളരെ മോശമായ പ്രതികരണമായിരുന്നു. 

രൂക്ഷമായ രീതിയിലാണ് പ്രിൻസിപ്പൾ പെരുമാറിയത്. ഒറ്റയ്ക്കായ രക്ഷിതാവിന്റെ കുട്ടികൾക്ക് പ്രവേശനം നൽകില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. അതെന്താണ് അങ്ങനെയെന്ന് ചോദിച്ചപ്പോൾ പ്രിൻസിപ്പളിന്റെ മറുപടി ഒറ്റയ്ക്ക് വളർത്തുന്ന രക്ഷിതാക്കളുടെ കുട്ടികൾ സ്കൂളിന് തലവേദനയാകുമെന്നാണ്. 

ഈ വിഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പ്രിൻസിപ്പളിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സ്കൂളിന്റെ ചുമതലയുള്ള ഗ്രൂപ്പും അറിയിച്ചിട്ടുണ്ട്. ഇത്തരം യാതൊരുവിധ വേർതിരിവും സ്കൂളിൽ അനുവദിക്കില്ലെന്ന് മാനേജ്മെന്റ് താക്കീത് നൽകി.