1000 ദിവസങ്ങൾ കൊണ്ട് 10000 മൈൽ നടന്നുകണ്ടു; ചിലയിടത്ത് ആണായി; പെൺനടത്തം

യാത്രയുടെ ഇൗ നടത്തം ഇന്ന് ലോകത്തെ അമ്പരപ്പിക്കുകയാണ്. 1000 ദിവസം കൊണ്ട് 10000 മൈൽ താണ്ടിയ ഇൗ നടത്തിലൂടെ സഞ്ചാരികളുടെ കയ്യടി നേടുകയാണ് സാറാ മാർക്വി. സൈബീരിയ മുതൽ ആസ്ട്രേലിയ വരെയാണ് ഇൗ യുവതി 1000 ദിവസങ്ങൾ കൊണ്ട് നടന്ന് തീർത്തത്. കുട്ടിക്കാലം മുതൽ യാത്രചെയ്യുക എന്നതാണ് സാറയുടെ ഇഷ്ടം. വലുതായപ്പോൾ സാഹസിക യാത്രകളോടായി പ്രിയം. അങ്ങനെ നടന്നുലോകം കാണാൻ ഇറങ്ങിയ സാറ പിന്നിട്ട വഴികളിലും ഏറെ സാഹസികത നിറഞ്ഞതായിരുന്നു. മൂന്ന് വർഷം കൊണ്ട് 3000 കപ്പ് ചായകുടിച്ചാണ് താൻ ഈ ദൂരമത്രയും  ഒറ്റയ്ക്ക് പിന്നിട്ടതെന്ന് സാറ ആമുഖമായി പറയുന്നു.  

ഒരിക്കൽ ന്യൂസിലാൻഡ് കടന്ന് യുഎസും കടന്ന് അവൾ 14000 കിലോമീറ്ററുകൾ ആന്തിസ് പർവതത്തിലേക്ക് സഞ്ചരിച്ചു. അതിനു ശേഷമാണ് മൂന്ന് വർഷം നീണ്ടു നിന്ന യാത്രയ്ക്ക് അവൾ തുടക്കമിട്ടത്.യാത്രയിലുടനീളം ജീവൻ നഷ്ടപ്പെട്ടു പോയേക്കാവുന്ന സംഭവങ്ങൾ വരെ സാറയെ കാത്തിരിപ്പുണ്ടായിരുന്നു. യാത്രക്കിടയിലെ ഒരു പാതിരാത്രിയിൽ വിശ്രമിക്കാനായി അവളൊരുക്കിയ ടെൻറിനു ചുറ്റും ഒരുപറ്റം ചെന്നായ്ക്കളെത്തി. അപ്പോൾ തനിക്ക് പേടിയല്ല തോന്നിയതെന്നും ഇവിടെ താൻ തനിച്ചല്ല വേറെ ജീവജാലങ്ങളും ഉണ്ടല്ലോയെന്ന ആശ്വാസമാണ് തനിക്കുണ്ടായതെന്നാണ് സാറ പറയുന്നു.

സ്ത്രീകൾക്ക് സ്വാതന്ത്ര്യം കുറവുള്ള രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ തൻെറ വ്യകിത്വം വെളിപ്പെടുത്താറില്ലെന്നും. അവിടെയൊക്കെ പുരുഷന്മാരെപ്പോലെ പെരുമാറിയാണ് താൻ യാത്രചെയ്തതെന്നും സാറ പറയുന്നു. ചൈനപോലെയുള്ള രാജ്യങ്ങളിൽ ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളെ വ്യഭിചാരികളായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ അവിടെയൊക്കെ ഒരു പുരുഷനെപ്പോലെ പെരുമാറേണ്ടി വന്നിട്ടുണ്ടെന്നും സാറ തുറന്നു പറയുന്നു.