പിറക്കില്ലെന്ന് ഡോക്ട‌‍ർമാർ പറഞ്ഞു; ഇന്നവൾ അഭിമാനം; അമ്മയുടെ അകം തൊടും കുറിപ്പ്

മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതിയ പെൺകുഞ്ഞിന് ജൻമം നൽകിയ അനുഭവം പങ്കുവെച്ച് അമ്മ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച ഈ അമ്മയുടെ ഉള്ളു തൊടുന്ന കുറിപ്പ് ചർച്ചയാകുകയാണ്. 

കുറിപ്പിങ്ങനെ:

''കോളേജ് കാലത്തെ പ്രണയത്തിലൂടെയാണ് ഞാൻ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയത്. ബിരുദപഠന ശേഷം ഞങ്ങൾ വിവാഹിതരായി.. വർഷങ്ങൾക്കു ശേഷം ആ സന്തോഷവാർത്തയെത്തി, ഞാൻ അമ്മയാകാൻ പോകുകയാണ്. അഞ്ചുമാസം വരെ സാധാരണമായ ഗർഭകാലമാണ്. അതിനുശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. സോണോഗ്രഫിക്കു ശേഷമാണ് ഡോക്ടർ സത്യം പറഞ്ഞു. കുഞ്ഞിന്റെ കൈകാലുകൾക്ക് വളർച്ച കുറവാണ്. ശരീരത്തിന് ആനുപാതികമായ വളർച്ച കൈകാലുകൾക്കില്ല. ഈ കുഞ്ഞിന്റെ ഗർഭകാല വളർച്ച സങ്കീർണ്ണമായിരിക്കും. അത് ജീവനില്ലാതെ പിറക്കാൻ പോലും സാധ്യതയുണ്ട്.

എന്തു ചെയ്യണമെന്ന് എനിക്കും ഭര്‍ത്താവിനും മനസിലായില്ല. ഗർഭഛിദ്രം ചെയ്യാൻ ഒരുപാട് പേർ ഉപദേശിച്ചു. പക്ഷേ കുഞ്ഞ് എങ്ങനെ ജനിക്കുന്നുവോ അങ്ങനെ തന്നെ അതിനെ സ്വീകരിക്കാനും വളർത്താനുമായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെയാണ് മകൾ രേവയുടെ പിറവി. അവളുടെ ജനനത്തില്ഡ എത്രത്തോളം സന്തോഷമുണ്ടോ അത്രത്തോളം ആശങ്കയുമുണ്ടായിരുന്നു അവളുടെ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുമ്പോൾ.

ഒരു പക്ഷേ ജീവിതത്തിൽ ഒരായിരം കാര്യങ്ങൾ മോശമായി സംഭവിച്ചേക്കാം. പക്ഷേ ഒട്ടേറെ ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ രേവയുടെ കാര്യത്തിൽ ഡോക്ടർമാർ ഒരു നിഗമനത്തിലെത്തി. ഹ്രസ്വകായത്വം (dwarfism) എന്ന അവസ്ഥയാണ് രേവയ്ക്ക്. പ്രായത്തിനനുസരിച്ച് ശാരീരിക വളർച്ചയില്ലെന്നൊഴിച്ചാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമവൾക്കില്ലായിരുന്നു. പക്ഷേ അവളെ ലോകം എങ്ങനെ സ്വീകരിക്കും എന്ന ചിന്ത ഞങ്ങളെ അലട്ടിയി. അവളെ പ്രീ സ്കൂളിൽ ചേർക്കുന്നതു വരേയേ ആ അശുഭചിന്തകൾക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. ക്ലാസിലെ തന്നെ ഏറ്റവും ഗ്രഹണശേഷിയുള്ള കുട്ടികളിൽ ഒരാളാണ് രേവയെന്നും അവൾ സ്വന്തം കാലിൽ നിൽക്കാൻ കെൽപ്പുള്ളവളാണെന്നുംഅഭിമാനത്തോടെയാണ് അവളുടെ അധ്യാപിക പറഞ്ഞത്. 

അവളുടെ വളർച്ചയുടെ ഘട്ടങ്ങൾ ഞങ്ങൾ കണ്ടിരുന്നു. വീട്ടിലും അവൾ സ്വന്തം കാര്യങ്ങളെല്ലാം തനിയെ ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചു. ഭക്ഷണം തനിയെ കഴിക്കാനും, തനിയെ കുളിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങൾ തനിയെ തിരഞ്ഞെടുക്കാനും അവൾ പഠിച്ചു. ഷോപ്പിങ്ങിന് പോകുമ്പോൾ എന്റെയൊപ്പം വരാൻ താൽപര്യം കാണിച്ച അവൾ എനിക്കുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുത്തു തരാൻ കൂടി ശ്രദ്ധകാണിച്ചു.

ജീവിതത്തിലെ നന്മകളെ മാത്രമെടുത്തു പറഞ്ഞതുകൊണ്ട് ജീവിതം സുഗമമായിരുന്നുവെന്ന് കരുതരുത്. രേവയ്ക്ക് അഞ്ചു വയസ്സുള്ളപ്പോൾ അവളെയും കൊണ്ട് പുറത്തുപോയി. നഗരത്തിലൂടെ നടക്കുമ്പോൾ ഒരു സ്ത്രീ രേവയെ നോക്കി സുന്ദരിക്കുഞ്ഞ് എന്നു പറഞ്ഞു. ഞാൻ പ്രതികരിച്ചില്ല. പക്ഷേ രേവ അവിടെ നിന്നു. തിരിഞ്ഞു നിന്ന് അവരോടു പറഞ്ഞു. ' ഞാനൊരു ചെറിയ കുഞ്ഞല്ല''.

അന്നാണ് എനിക്കൊരു സത്യം മനസ്സിലായത്. അവൾ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാണെന്ന് അവകൾക്കു തന്നെ അറിയാം.പക്ഷേ അതൊരു കുറവായി അവൾ കരുതുന്നില്ല. അവൾ കരുത്തയാണ്, പോരാളിയാണ്. അവളെ നോക്കിയിരിക്കുമ്പോൾ ഞാൻ ശാക്തീകരിക്കുന്നതായി എനിക്കു തോന്നും. അവൾക്കൊപ്പം നിൽക്കുകയെന്നതാണ് എനിക്കു ചെയ്യാവുന്ന കാര്യം''.