നടുറോഡില്‍ ദുർഗയ്ക്ക് ക്രൂര മര്‍ദനം; ‘അശ്ലീല’ അധിക്ഷേപം: വിഡിയോ പുറത്തുവിട്ട് പ്രതിഷേധം

സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്നുണ്ടെന്ന് പറയുമ്പോഴും അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് അനുദിനം വർധിച്ചു വരികയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുംബൈയിലെ സാമൂഹികപ്രവർത്തക ദുർഗ ഗൗഡയ്ക്ക് ഗോവയിൽ നേരിട്ട അതിക്രമം. തനിക്ക് നേരെ പൊതുനിരത്തിൽവെച്ചുണ്ടായ ആക്രമണത്തെക്കുറിച്ച് ദുർഗ തന്നെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അക്രമണത്തിന്റെ വിഡിയോയും ഇവർ പങ്കുവെച്ചു. സംഭവത്തെക്കുറിച്ച് ദുർഗ പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസം പെട്രോൾ പമ്പിൽ നിന്നും ഇറങ്ങുന്ന വഴിക്കാണ് ഒരു ബൈക്കുകാരൻ തന്റെ ബൈക്കിന് മുന്നിലേക്ക് പാഞ്ഞുവന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് അശ്രദ്ധമായി വന്ന അയാളോട് ഫോൺ മാറ്റിയിട്ട് വണ്ടി ഓടിക്കാൻ പറഞ്ഞിട്ട് താൻ വണ്ടിയോടിച്ച് പോയി. എന്നാൽ അയാൾ തന്നെ പിൻതുടർന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി. അതിനുശേഷം തന്റെ ബൈക്കിന്റെ താക്കോൽ വലിച്ചെറിഞ്ഞു. ഫോണും പിടിച്ചുവാങ്ങി നടുറോഡിൽവെച്ച് ക്രൂരമായി മർദിച്ചു. മർദനമേറ്റ് പെട്ടന്ന് അമ്പരന്നെങ്കിലും തിരിച്ച് ചാടിയെഴുന്നേറ്റ് അയാളുടെ കരണത്ത് തന്നെ അടി കൊടുത്തു. അടിപിടി കണ്ട് നാട്ടുകാർ ചുറ്റും കൂടി. പൊലീസും ഇടപെട്ടു. പൊലീസ് തന്റെ ഭാഗത്ത് നിന്ന് സംസാരിച്ചു. എന്നാൽ അക്രമി പൊലീസിന്റെ മുന്നിൽവെച്ചുപോലും അസഭ്യം പറഞ്ഞു. മാറിലേക്ക് തുറിച്ച് നോക്കുകയും വസ്ത്രധാരണത്തെക്കുറിച്ച് അശ്ലീല ഭാഷയിൽ പരാമർശിക്കുകയും ചെയ്തു. 

പൊലീസിന്റെ മുന്നിൽവെച്ച് ഇത്രയേറെ അശ്ലീലം പറഞ്ഞിട്ടും ലൈംഗിക അധിക്ഷേപത്തിനുള്ള വകുപ്പ് അല്ല പൊലീസ് ചുമത്തിയത്. പിൻതുടർന്നതിനും മോശമായി പെരുമാറിയതിനും അതിക്രമം കാണിച്ചതിനുമുള്ള വകുപ്പുകൾ മാത്രം ചുമത്തി നാലു ദിവസം മാത്രമാണ് പ്രതിയെ ജയിലിൽ ഇട്ടത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു. നീതിയ്ക്കായി താൻ ഇനി എന്ത് ചെയ്യണമെന്നാണ് ദുർഗ ചോദിക്കുന്നത്.