ഓട്ടപ്പാത്രത്തിൽ ഞണ്ടു വീണാൽ; തൊട്ടപ്പനിലെ പാട്ടിന് സാമ്യപ്പാട്ട്..? ട്രോള്‍ വിഡിയോ

‘ഇൗ ട്രോളൻമാരുടെ ഒരു കാര്യം..’ വളരെ രസകരമായ ഒരു കണ്ടുപിടുത്തനാണ് സൈബർ ഇടങ്ങളിലെ ഗവേഷകരായ ട്രോളൻമാർ നടത്തിയിരിക്കുന്നത്. തിയറ്ററിൽ മികച്ച അഭിപ്രായം നേടി വൻവിജയത്തിലേക്ക് കുതിക്കുന്ന വിനായകൻ ചിത്രം തൊട്ടപ്പനിലെ ഒരു പാട്ടാണ് ഇൗ കണ്ടുപിടുത്തത്തിന്റെ ആധാരം. വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന തരത്തിൽ ഹൃദ്യമായ സംഗീതവും വരികളുമാണ് തൊട്ടപ്പനിലെ ഗാനങ്ങൾക്ക്. ഇക്കൂട്ടത്തിൽ സിനിമ ഇറങ്ങും മുൻപ് തന്നെ ചർച്ചയായ ഒന്നായിരുന്നു ‘പ്രാന്തങ്കണ്ടലിൻ കീഴെവച്ചല്ലേ പണ്ട് നുമ്മ കണ്ടത്..’ എന്നാരംഭിക്കുന്ന ഗാനം. ഇൗ ഗാനത്തിനോട് സാമ്യമുള്ള ഒരു പാട്ട് കണ്ടെത്തിയിരിക്കുകയാണ് ട്രോളൻമാർ.

ട്രോളൻമാരുടെ രാജാവായ ജഗതി മുൻപ് പാടിയ പാട്ടിനോട് താരതമ്യപ്പെടുത്തിയാണ് ഇൗ കണ്ടെത്തൽ. ഒാട്ടപാത്രത്തിൽ ഞണ്ടുവീണാൽ എന്ന ജഗതിയുടെ ഗാനത്തിന് ഇൗ പാട്ടിനോട് ചെറിയ ബന്ധമില്ലേ എന്നാണ് ട്രോളന്റെ സംശയം. കേൾവിയിൽ ആർക്കും തോന്നാവുന്ന സംശയമാണെന്ന് രണ്ടും പാട്ടും ഒരിക്കൽ കൂടി കേട്ടാൽ മനസിലാകുമെന്നാണ് കമന്റുകൾ. അമ്പിളി ചേട്ടൻ ഇൗ സീനൊക്കെ മുൻപെ വിട്ടതാണെന്ന് വാദിക്കുന്നവരുമുണ്ട്. രണ്ടായാലും തൊട്ടപ്പിനിലെ ഇൗ ഗാനം മലയാളി ഏറ്റെടുത്തു കഴിഞ്ഞു. സിത്താര കൃഷ്ണകുമാറും പ്രദീപ് കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്.  അൻവർ അലിയാണ് വരികളൊരുക്കിയത്.  ലീല എല്‍ ഗിരീഷ് കുട്ടനാണ് സംഗീതം. കിസ്മത്ത് എന്ന ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ ഷാനവാസ് കെ. ബാവക്കുട്ടിയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്.