ജീവിതയാത്രയ്ക്കു കൂട്ടായി കെഎസ്ആർടിസി; ആനവണ്ടി പ്രേമികൾ സഹായിക്കേണ്ടത് ഇങ്ങനെയാണ്...

കൊല്ലങ്കോട്: നെറ്റിപ്പട്ടവും പനനൊങ്കും കെട്ടിയലങ്കരിച്ച ചിറ്റൂർ ഡിപ്പോയിൽനിന്നുള്ള കെഎസ്ആർടിസി ബസിൽ ജീവിതയാത്ര തുടങ്ങി ദമ്പതികൾ. മാങ്ങോട് ബൈജു–സുസ്മിത ദമ്പതികളാണു കല്യാണ ദിവസം കെഎസ്ആർടിസി ബസ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. ഇന്നലെ രാവിലെ തത്തമംഗലം മാങ്ങോട്ടുനിന്ന് ആരംഭിച്ച യാത്ര പോത്തംപാടത്തെ കമ്യൂണിറ്റി ഹാളിനു മുന്നിലേക്ക് ആയിരുന്നു. സ്ഥലപ്പേരുകൾക്കു പകരം വിവാഹം, മാങ്ങോട്, ബൈജു, സുസ്മിത എന്നിങ്ങനെ എഴുത്തുകൾ... കൗതുകം പകർന്ന യാത്ര ഒരുക്കിയതു മാങ്ങോട്ടെ ബാലൻ–ലളിത ദമ്പതികളുടെ മകൻ ബൈജു.

മുതലമട പള്ളത്തു വേലായുധൻ–സുശീല ദമ്പതികളുടെ മകൾ സുസ്മിതയുമായുള്ള തന്റെ വിവാഹത്തിനു ആഢംബര വാഹനങ്ങൾ ഒഴിവാക്കി കെഎസ്ആർടിസിയെ ഒരു കൈ സഹായിച്ചു സന്ദേശം നൽകുകയായിന്നു ലക്ഷ്യം. അക്രമങ്ങളിൽ പൊതുമുതൽ നശിപ്പിക്കപ്പെടുമ്പോൾ ആദ്യത്തെ ഇരയായ കെഎസ്ആർടിസിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കൂടി ഉയർത്തിക്കാണിക്കുന്നതായിരുന്നു യാത്ര. എറണാകുളത്തെ സ്വകാര്യ കമ്പനി ജോലിക്കാരനായ ബൈജുവിനു വീട്ടുകാരുടെയും വധു സുസ്മിതയുടെയും പിന്തുണയുമുണ്ടായിരുന്നു.