ആനയെ കാറിടിച്ചു; ആന ഇരുന്നു; വണ്ടി പൊടിഞ്ഞു; വീണ് പാപ്പാനും പരുക്ക്

ചെങ്ങന്നൂരിൽ കാറിടിച്ച് ആനയ്ക്കും പാപ്പാനും പരുക്കേറ്റു, കാർ നിശ്ശേഷം തകർന്നു. പെരിങ്ങിലിപ്പുറം ഭുവനേശ്വരി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആന പെരിങ്ങിലിപ്പുറം അപ്പുവിനാണ് പരുക്ക്. ആനപ്പുറത്തു നിന്നു താഴെ വീണ് ഒന്നാം പാപ്പാൻ ഇലഞ്ഞിമേൽ മംഗലത്തേത്ത് ഗോപിനാഥപിള്ളയ്ക്കും (50) പരുക്കേറ്റു, ഇദ്ദേഹത്തെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ആന കാറിനു മുകളിലേക്ക് ഇരുന്നുപോയി. ഇതോടെ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.

ഞായർ രാത്രി 10ന് മാവേലിക്കര കോഴഞ്ചേരി റോഡിൽ പുലിയൂർ വില്ലേജ് ഓഫിസിനടുത്ത് തുലാക്കുഴി പാലത്തിനു സമീപമാണ് അപകടം. തിരുവൻവണ്ടൂർ ഗജമേളയിൽ പങ്കെടുത്ത ശേഷം തിരികെ പെരിങ്ങിലിപ്പുറത്തേക്ക് ആനയെ നടത്തിക്കൊണ്ടു പോകുകയായിരുന്നു ഗോപിനാഥപിള്ളയും രണ്ടാം പാപ്പാൻ ഗോകുലും. ചെങ്ങന്നൂർ ഭാഗത്തു നിന്നു വന്ന കാർ നിയന്ത്രണംവിട്ട് ആനയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

ആനയുടെ വാലിനും വലതുകാലിനും മുറിവേറ്റു. കാർ ഓടിച്ചിരുന്ന കൊല്ലകടവ് സ്വദേശി കിരണും കാറിലുണ്ടായിരുന്ന 2 കുട്ടികളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്നു പുലിയൂർ ക്ഷേത്രവളപ്പിൽ തളച്ച ആനയെ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ചീഫ് വെറ്റിറിനറി ഓഫിസർ ഡോ.കെ. ഉണ്ണികൃഷ്ണൻ പരിശോധിച്ചു. പിന്നീട് ഇന്നലെ വൈകിട്ട് പെരിങ്ങിലിപ്പുറത്തേക്കു കൊണ്ടുപോയി.