പ്രളയത്തിൽ വീടിനു പങ്‌ക്ചർ; ജാക്കി വച്ച് ഉയർത്തുന്നു, പിന്നിൽ വിദഗ്ധർ

പാവറട്ടി : പ്രളയത്തിൽ വെള്ളം കയറി നാശത്തിന്റെ വക്കിലെത്തിയ വീട് ഹരിയാനയിൽ നിന്ന് വിദഗ്ദ തൊഴിലാളികളെത്തി ഉയർത്തി പുനർ നിർമിക്കുന്നു. വെന്മേനാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം വട്ടരങ്ങകത്ത് കുളങ്ങരകത്ത് പരേതനായ ഗോപിനായരുടെ ഭാര്യ ശ്യാമളയുടെ വീടാണ് ഉയർത്തുന്നത്.

25 വർഷം പഴക്കമുള്ള വീട് പൂർണമായി പൊളിച്ചു കളയേണ്ടി വരുമെന്ന ഘട്ടത്തിലാണ് വീട് തറ നിരപ്പിൽ നിന്ന് എല്ലാ ഭാഗവും ഒരേ പോലെ 3 അടി ഉയർത്തി പുനർനിർമാണം നടത്തുന്നത്. പ്രളയ സമയത്ത് ഇവർക്ക് കുറെ ദിവസം ഇവിടെ നിന്ന് മാറി താമസിക്കേണ്ടി വന്നിരുന്നു.

തകർച്ചയിലായ വീട് എന്തുചെയ്യണമെന്നറിയാതെ ആലോചനയിലായപ്പോഴാണ് ഹരിയാന സംഘത്തെ കുറിച്ചറിയുന്നത്. ജാക്കി ലീവർ ഉപയോഗിച്ച് മുപ്പതോളം പേർ ചേർന്നാണ് വീട് ഉയർത്തുന്നത്. 20 ദിവസമായി ഇവർ ഇതിന്റെ പിന്നിലുണ്ട്.

1500 ചതുരശ്ര അടി വിസ്തീർണമുള്ള വീട് 40 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന്  ഹരിയാന സംഘം പറഞ്ഞു. 4 ലക്ഷം രൂപയാണ് വീട് ഉയർത്തുന്നതിനും തറയുടെ കേടുപാടുകൾ തീർക്കുന്നതിനുമുള്ള ചെലവ്. ഏറെ വിദഗ്ദമായി വീട് ഉയർത്തുന്ന പണി കാണാൻ ഒട്ടേറെ പേരാണ് ഇവിടേക്ക് എത്തുന്നത്