'കൈ' തിരികെക്കിട്ടി; ഇനി ഗിറ്റാറും സ്വപ്നങ്ങളും കയ്യിലേന്താം: നിറകണ്‍ചിരി

ഷിബിന്റെ സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളയ്ക്കുകയാണ്. നഷ്ടപ്പെട്ട കൈയുടെ സ്ഥാനത്ത് കൃത്രിമ കൈ വച്ചതോടെ, ഒരു വർഷത്തോളം മാറ്റി വച്ച സ്വപ്നങ്ങൾ വീണ്ടും നെയ്തു തുടങ്ങുകയാണ് തട്ടാർകോണം, പേരൂർ, ജബീൽ മൻസിലിൽ വി.ഷിബിനെന്ന (22) യുവാവ്. 

പുതിയ കൃത്രിമ കയ്യിലെ കൈപ്പത്തിയും വിരലുകളും ചലിപ്പിക്കാനും കൈ മടക്കാനും സാധിക്കും. കഴിഞ്ഞ വർഷം മേയിൽ ചേർത്തലയിലുണ്ടായ അപകടത്തിലാണു ഷിബിന്റെ വലതുകൈ നഷ്ടമായത്. ചേർത്തു പിടിക്കാൻ സുഹൃത്തുക്കളും സഹായിക്കാൻ സർക്കാരും എത്തിയതോടെ നോവു പടർത്തിയ ഓർമകളുള്ള മേയ് മാസത്തിൽ തന്നെ ഷിബിനു ‘കൈ’ തിരികെ കിട്ടുകയായിരുന്നു. ഒരു വർഷം മുൻപു കണ്ണു നിറഞ്ഞു താഴ്ത്തി വച്ച ഗിറ്റാറിന്റെ കമ്പികളിലൂടെ വീണ്ടും ഷിബിൻ വിരലോടിച്ചു. 

സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള ഇവരുടെ കുടുംബം നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന സമയത്തായിരുന്നു അപകടം. ഷോൾഡറിനോട് ചേർന്ന് മുറിഞ്ഞ് പോയതിനാൽ പ്രത്യേകം അളവെടുത്താണ് കൃത്രിമ കൈ രൂപകൽപന ചെയ്തത്. അപകടത്തിനു ശേഷം പുറത്തേക്ക് ഇറങ്ങാതെ വീടിനുള്ളിൽ  കഴിഞ്ഞ ഷിബിൻ പഠനവും മുടങ്ങി. കൊട്ടിയം എസ്എൻ പോളിടെക്നിക്കിൽ മൂന്നാം വർഷ ഇലക്ട്രിക്കൽ ഡിപ്ലോമ വിദ്യാർഥിയായ ഷിബിൻ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. ഇതിനൊപ്പം പിഎസ്‌സി പരിശീലനം അടക്കം മനഃപൂർവം വേണ്ടെന്ന വച്ച ചില സ്വപ്നങ്ങളും പൊടിതട്ടിയെടുത്ത് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്. മുൻപു വായിച്ചിരുന്നതു പോലെ ഗിറ്റാർ വീണ്ടും മനോഹരമായി വായിക്കാനുള്ള പ്രയത്നവും ഷിബിൻ തുടങ്ങിക്കഴിഞ്ഞു.

വിധവയായ മാതാവ് സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണു ഷിബിന് സാമൂഹിക സുരക്ഷാ മിഷൻ വി കെയർ പദ്ധതിയിലൂടെ സഹായം നൽകിയത്. ഇലക്‌ട്രോണിക് കൺട്രോൾ സംവിധാനമുള്ള അത്യാധുനിക കൈയ്ക്ക് 4.37 ലക്ഷം രൂപയാണ് ചെലവ്. സുഹൃത്തുക്കളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വഴിയാണ് ആദ്യം സർക്കാർ സഹായത്തിനായി ശ്രമിച്ചത്. ഇതിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹായം ഇവർ തേടി. ഉമ്മൻചാണ്ടിയാണു വിവരം ശ്രദ്ധയിൽപ്പെടുത്തിയതെന്നു കൈ കൈമാറിയ ചടങ്ങിൽ മന്ത്രി കെ.കെ.ശൈലജ പറയുകയും ചെയ്തു.